ടൊറന്റോയില്‍ നിന്നും നയാഗ്രയിലേക്ക് വെറും അരമണിക്കൂര്‍ യാത്ര! പദ്ധതിയുമായി ഒന്റാരിയോ ഹോവര്‍ക്രാഫ്റ്റ് 

By: 600002 On: Sep 15, 2022, 8:32 AM

 

ടൊറന്റോ ഡൗണ്‍ടൗണില്‍ നിന്നും അരമണിക്കൂര്‍ കൊണ്ട് ഒന്റാരിയോയിലെ സെന്റ് കാതറിന്‍സിലെത്താനുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. റാപ്പിഡ് ട്രാന്‍സിറ്റ് ഹോവര്‍ക്രാഫ്റ്റ് വഴിയാണ് ജനങ്ങള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് യാത്ര ചെയ്യാനാകുന്നത്. ഒന്റാരിയോ ഹോവര്‍ലിങ്ക് ലിമിറ്റഡാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. 2023 വേനല്‍ക്കാലത്ത് സേവനം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പ്രൊജക്ടിനുള്ള അംഗീകാരത്തിനായുള്ള അവസാനഘട്ടത്തിലാണ് കമ്പനിയെന്ന് അധികൃതര്‍ അറിയിച്ചു. 

പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ടൊറന്റോ തീരത്തുള്ള ഒന്റാരിയോ പ്ലേസില്‍ നിന്നും പുറപ്പെടുന്ന കപ്പല്‍ വെറും അരമണിക്കൂര്‍ കൊണ്ട് സെന്റ് കാതറിന്‍സിലെ പോര്‍ട്ട് വെല്ലറില്‍ എത്തിച്ചേരും. സാധാരണയായി ട്രാഫിക്കുള്ള റോഡിലൂടെ കാറില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ എടുക്കുന്ന യാത്രയാണിത്. 

ഗ്രിഫണ്‍ BHT-130, BHT-150 മോഡല്‍ ഹോവര്‍ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് പ്രതിദിനം 48 ലേക്ക്‌സ് മുറിച്ചുകടക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഓരോ യാത്രയിലും 180 യാത്രക്കാരെയാണ് അനുവദിക്കുക. ഇതില്‍ വാഹനങ്ങള്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 

വര്‍ഷം മുഴുവന്‍ സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മാത്രമേ യാത്രാ
നിരക്കെത്രയാണെന്ന് പുറത്തുവിടുകയുള്ളൂ.