കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് കാനഡയിലെത്തുന്നതെന്നും രാജ്യത്ത് പഠനം നടത്താന്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ മൊത്തം 23,950 പേര്‍ക്കാണ് കാനഡയില്‍ പഠനാനുമതി അനുവദിച്ചത്. ഇതില്‍ പകുതിയിലധികം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. അഡ്വാന്‍സ്ഡ് എജ്യുക്കേഷന്‍ ആന്‍ഡ് സ്കില്‍സ് ട്രെയ്നിംഗ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ബീസിയില്‍ 143,000 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ഇന്ത്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യയില്‍ സ്ഥിതിഗതികള്‍ മാറുകയാണ്. രാജ്യത്ത് വളര്‍ന്നുവരുന്ന മധ്യവര്‍ഗമുണ്ട്. വളരെ ചെലവേറിയതാണെങ്കിലും ഇവര്‍ക്ക് തങ്ങളുടെ കുട്ടികളെ വിദേശത്തേക്കയച്ച് പഠിപ്പിക്കാനുള്ള ധനസ്ഥിതി ഇപ്പോഴുണ്ടെന്ന് എംകെഎസ് ഇമിഗ്രേഷന്‍ ലോയേഴ്സ് പ്രതിനിധി റുഡോള്‍ഫ് കിഷെര് പറയുന്നു. കാനഡയിലെ ഇമിഗ്രേഷന്‍ പ്രോസസില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയില്‍ പഠിക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്ഥിരതാമസത്തിനുള്ള മാര്‍ഗമായാണ്. മിക്ക അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളും കാനഡയില്‍ പൗരത്വമെടുത്ത് അവിടെ തന്നെ സ്ഥിരതാമസമാക്കാനുള്ള താല്പര്യത്തിലാണ് പഠനം നടത്തുന്നത്.
ഏറെക്കാലമായി കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ മിക്കവരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജോലിക്കാരുമാണ്. ഐആര്‍സിസിയുടെ കണക്കനുസരിച്ച് 2019 ലെ മൊത്തം സ്ഥിരതാമസക്കാരുടെ എണ്ണത്തില്‍ 25 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കാനഡയിലെ ഏറ്റവും സാധാരണമായ ഓദ്യോഗിക ഇതര ഭാഷകള്‍ മാന്‍ഡാരിനും പഞ്ചാബിയുമാണെന്ന് 2021 ല്‍ നടത്തിയ സെന്‍സസ് ഡാറ്റയില്‍ പറയുന്നു. ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഇതിലേതെങ്കിലും ഒരു ഭാഷ സംസാരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.