കയോട്ടികളുടെ ആക്രമണത്തില്‍ നിന്നും വിന്നിപെഗ് സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

By: 600002 On: Sep 15, 2022, 7:04 AM


കഴിഞ്ഞയാഴ്ച ഒരുകൂട്ടം കയോട്ടികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ നടുക്കത്തിലാണ് ഇപ്പോഴും വിന്നിപെഗ് സ്വദേശിയായ സ്റ്റീവന്‍ റോയ്. വെവര്‍ലി ഹൈറ്റ്‌സ് ഏരിയയിലെ ബിഷപ്പ് ഗ്രാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി തന്റെ രണ്ട് വളര്‍ത്തുനായകള്‍ക്കൊപ്പം റോളര്‍ബ്ലേഡിംഗ് നടത്തുമ്പോഴാണ് റോയിക്കു നേരെ കയോട്ടി ആക്രമിക്കാന്‍ തുനിഞ്ഞത്. 

നാലോളം കയോട്ടികള്‍ ഒരുമിച്ചെത്തി തന്നെ പിന്തുടര്‍ന്നു. തുടര്‍ന്ന് ആക്രമിക്കാനായി ശ്രമിച്ചെന്ന് റോയ് പറഞ്ഞു. ഉടന്‍ കയോട്ടികളെ ഭയപ്പെടുത്തി ഓടിക്കാന്‍ കഴിഞ്ഞതിനാല്‍ ഗുരുതരമായ ആക്രമണം ഉണ്ടായില്ലെന്നും റോയ് പറയുന്നു. തന്റെ സമീപം രണ്ട് നായ്ക്കളുണ്ടായിരുന്നതും കയോട്ടികള്‍ ഭയപ്പെട്ട് പിന്തിരിയാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. 

താന്‍ ഭാഗ്യം കൊണ്ട് തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇത്തരത്തില്‍ കയോട്ടികളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നും കയോട്ടികളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടിനു പുറത്തിറങ്ങുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും റോയ് മുന്നറിയിപ്പ് നല്‍കുന്നു.