കാല്‍ഗറിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 15 ഓളം വീടുകളില്‍ നിന്ന് ദശലക്ഷകണക്കിന് ഡോളര്‍ മയക്കുമരുന്ന് പിടികൂടി 

By: 600002 On: Sep 14, 2022, 12:33 PM


കാല്‍ഗറിയില്‍ 15 ഓളം വീടുകളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ വന്‍തോതില്‍ അനധികൃത മയക്കുമരുന്ന് പിടികൂടി. ദശലക്ഷകണക്കിന് ഡോളര്‍ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് കാല്‍ഗറി പോലീസ് അറിയിച്ചു. 

ഓപ്പറേഷന്‍ കാര്‍ലോസ് എന്ന് വിളിക്കപ്പെടുന്ന പരിശോധന ആല്‍ബെര്‍ട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീമാണ്( ALERT)  നടത്തിയത്. ഓഗസ്റ്റ് അവസാനം മുതല്‍ സെപ്റ്റംബര്‍ ആദ്യ വാരം വരെയാണ് പരിശോധന നടത്തിയത്. കാല്‍ഗറി പോലീസ് സര്‍വീസിന്റെയും ആര്‍സിഎംപിയുടെയും പിന്തുണയോടെയാണ് പരിശോധന നടത്തിയത്. 

പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് 15 ഓളം വീടുകള്‍ പരിശോധിച്ചത്. ഇവിടങ്ങളില്‍ നിന്ന് 4.5 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള മയക്കുമരുന്നുകളും ഏകദേശം ഒരു മില്യണ്‍ ഡോളര്‍ പണവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. വെടിയുണ്ടകളോടു കൂടിയ കൈത്തോക്കും എന്‍ക്രിപ്റ്റ് ചെയ്ത സെല്‍ഫോണുകളും ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ടെന്ന് അലേര്‍ട്ട് വ്യക്തമാക്കി.