സറെയില്‍ വാഹനം വാങ്ങിക്കുന്നയാളെ കാണിക്കുന്നതിനിടയില്‍ ഇതേ വാഹനം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മെഹ്‌റാന്‍ അലി എന്ന 22കാരനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 31 നാണ് വാഹനം മോഷണം പോയത്. വിവരം ലഭിച്ച പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ 76 അവന്യൂവിനടുത്തുള്ള 124 സ്ട്രീറ്റില്‍ വാഹനം കണ്ടെത്തി. മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് വാഹനം കണ്ടെത്തിയത്.
പോലീസിനെ കണ്ടതും വാഹനവുമായി പ്രതി രക്ഷപ്പെട്ടു. അമിതവേഗതയില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചുപോയ പ്രതിയെ എയര്‍1 ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്തു. രണ്ട് കിലോമീറ്ററിലധികം ഓടിച്ചുപോയ പ്രതിയെ 121 എ സ്ട്രീറ്റില്‍ നിര്‍ത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, പോലീസിനെ വെട്ടിച്ച് കടന്നുകളയുക, മോഷ്ടിച്ച വസ്തു കൈവശം വെക്കുക, ആയുധം ഒളിപ്പിച്ച് വെക്കുക, പ്രൊബേഷന്‍ ഉത്തരവ് പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി.