ഗ്രേറ്റര്‍ വാന്‍കുവറിലെയും ഫ്രേസര്‍വാലിയിലെയും 80 ശതമാനത്തോളം കുട്ടികള്‍ക്കും യുവാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍. ബീസിയിലെ ഉന്നത ഡോക്ടറായ ബോണി ഹെന്റിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
20 മുതല്‍ 59 വരെ പ്രായമുള്ള മുതിര്‍ന്നവരില്‍ 60 മുതല്‍ 70 ശതമാനം പേര്‍ക്കും, 60 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ 40 ശതമാനം പേര്‍ക്കും രോഗം ബാധിച്ചതായി പഠനത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഈ വര്‍ഷം ഓഗസ്റ്റിനുമിടയില്‍ കോവിഡിന്റെ നിരക്ക് 15 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയര്‍ന്നു. ഒമിക്രോണ്‍ വേരിയന്റ് ശക്തിപ്രാപിച്ചതിനാലാണ് കേസുകളുടെ എണ്ണം വര്‍ധിച്ചതെന്നാണ് നിഗമനം.
ഔട്ട്‌പേഷ്യന്റ് ലബോറട്ടറികളുടെ ശൃംഖലയില്‍ നിന്ന് 2020 മാര്‍ച്ച് മുതല്‍ ലഭിച്ച 14,000 രക്ത സാമ്പിളുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്.