ബ്രിട്ടണില്‍ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം നടക്കുന്ന ദിവസം സെപ്റ്റംബര്‍ 19 തിങ്കളാഴ്ച ഫെഡറല്‍ അവധിയും ദേശീയ ദു:ഖാചരണവുമായിരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമേ അവധി ബാധകമാകൂവെന്ന് തൊഴില്‍മന്ത്രി സീമസ് ഒ റീഗന്‍ വ്യക്തമാക്കി.
പ്രവിശ്യകള്‍ തങ്ങളുടെ അധികാരപരിധിയില്‍ സ്‌കൂളുകളും ജോലിസ്ഥാപനങ്ങളും അടച്ചിടുമോ എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. ബാങ്കുകള്‍, എയര്‍ലൈനുകള്‍, പോസ്റ്റ് ഓഫീസുകള്‍, ക്രൗണ്‍ കോര്‍പ്പറേഷനുകള്‍ എന്നീ ഫെഡറല്‍ നിയന്ത്രിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി സ്വയമേവ ബാധകമല്ലെന്നും തൊഴില്‍ മന്ത്രി അറിയിച്ചു. നിയമനിര്‍മാണത്തിലൂടെ മാത്രമേ നിയമാനുസൃത അവധികള്‍ അനുവദിക്കാന്‍ കഴിയൂ എന്നും പ്രവിശ്യകളും പ്രദേശങ്ങളും അവരുടെ പ്രദേശങ്ങളില്‍ ദു:ഖാചരണം എങ്ങനെ ആചരിക്കണമെന്ന് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ദേശീയ ദു:ഖാചരണത്തിന്റെ ഭാഗമായി ഒന്റാരിയോയില്‍ തിങ്കളാഴ്ച പ്രവിശ്യാ അവധി നല്‍കില്ലെന്ന് പ്രീമിയര്‍ ഓഫീസ് അറിയിച്ചു. ആ ദിവസം ജനങ്ങള്‍ക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു നിമിഷം മൗന പ്രാര്‍ത്ഥന നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.