ഒന്റാരിയോയിലും ന്യൂയോര്‍ക്കിലും സേവനങ്ങള്‍ വിപുലീകരിച്ച് ഫ്‌ളിക്‌സ് ബസ്  

By: 600002 On: Sep 13, 2022, 12:32 PM

 

ഒന്റാരിയോയിലും ന്യൂയോര്‍ക്കിലും സേവനങ്ങള്‍ വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് യൂറോപ്യന്‍ മൊബിലിറ്റി കമ്പനിയായ ഫ്‌ളിക്‌സ് ബസ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒന്റാരിയോയില്‍ ഫ്‌ളിക്‌സ് ബസ് സേവനമാരംഭിച്ചത്. വ്യാഴാഴ്ച മുതല്‍ ടൊറന്റോ-ഓട്ടവ റൂട്ടില്‍ രണ്ട് സ്‌റ്റോപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വിറ്റ്ബി, കിംഗ്സ്റ്റണ്‍ പ്രദേശങ്ങളിലാണ് സര്‍വീസ് നടത്തുക. 

നിലവില്‍ രണ്ട് നഗരങ്ങള്‍ക്കിടയില്‍ എല്ലാ ദിവസവും രണ്ട് ട്രിപ്പുകളാണ് നടത്തുന്നത്. സ്‌കാര്‍ബറോയിലും ബസുകള്‍ നിര്‍ത്തുന്നുണ്ട്. 

ടൊറന്റോ-ബഫല്ലോ റൂട്ട് വ്യാഴാഴ്ച മുതല്‍ ബഫല്ലോ-നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടും. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഓരോ സര്‍വീസ് നടത്തുന്നുണ്ട്. സെന്റ് കാതറിന്‍സ്, ഒന്റാരിയോയിലെ നയാഗ്ര വെള്ളച്ചാട്ടം, ഡൗണ്‍ടൗണ്‍ ബഫല്ലോ എന്നിവിടങ്ങളിലും ബസുകള്‍ നിര്‍ത്തുന്നുണ്ട്.