കയോട്ടി ആക്രമണം: ബര്‍ലിംഗ്ടണില്‍ റിട്ടയര്‍മെന്റ് ഹോമിലെ സ്ത്രീക്ക് പരുക്കേറ്റു 

By: 600002 On: Sep 13, 2022, 12:12 PM

 

ബര്‍ലിംഗ്ടണ്‍ സിറ്റിയില്‍ കയോട്ടികളുടെ ആക്രമണം വര്‍ധിക്കുകയാണെന്ന് അധികൃതര്‍. ശനിയാഴ്ച റോസ്‌ലാന്‍ഡ് ഏരിയയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ ജീവനക്കാരിക്കുനേരെ കൊയോട്ടിന്റെ ആക്രമണം ഉണ്ടായി. ഇതോടെ നഗരത്തില്‍ ആറ് കയോട്ടി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

മുറ്റത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ കയോട്ടി ആക്രമിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കയോട്ടിയെ ഭയപ്പെടുത്തി ഓടിക്കാന്‍ കഴിഞ്ഞതിനാല്‍ ഗുരുതരമായ ആക്രമണത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു. ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടി. 

തുടര്‍ച്ചയായി കയോട്ടി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബര്‍ലിംഗ്ടണ്‍ സിറ്റിയില്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ നിയോഗിച്ചു. ആക്രമണങ്ങളിലെല്ലാം കയോട്ടികളെ പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒടുവിലത്തെ സംഭവത്തില്‍ കയോട്ടിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

നേരത്തെ, സൗത്ത് സെന്‍ട്രല്‍ ബര്‍ലിംഗ്ടണില്‍ കയോട്ടി ആക്രമണത്തില്‍ രണ്ടര വയസ്സുകാരനടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.