ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ തീവ്രതയെക്കുറിച്ചും ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങളില്‍ ബോധവത്കരണം നടത്തി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്). ഈ രോഗങ്ങള്‍ മൂലമുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ചികിത്സ വൈകിപ്പിക്കരുതെന്നും എഎച്ച്എസ് ജനങ്ങളെ ഓര്‍മിപ്പിക്കുന്നു.
ഹൃദയാഘാതം ഉണ്ടായാല്‍ ഉടന്‍ ചികിത്സ നല്‍കണം. ഇത് ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. സ്ട്രോക്ക് ചികിത്സ 25 മിനിറ്റ് പോലും വൈകുന്നത് ഗുരുതരമായ വൈകല്യങ്ങള്‍ക്ക് കാരണമാവുകയോ മരണം പോലും സംഭവിച്ചേക്കാമെന്ന് എഎച്ച്എസ് വ്യക്തമാക്കുന്നു.
ഹൃദയാഘാതത്തിന് സമയബന്ധിതമായി ഫലപ്രദവും ജീവന് രക്ഷിക്കുന്നതുമായ ചികിത്സകള്‍ പതിവായി ഉപയോഗിക്കുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം വളരെ വേഗം ചികിത്സ തുടങ്ങേണ്ടതുണ്ടെന്ന് എഎച്ച്എസ് ചൂണ്ടിക്കാണിക്കുന്നു. നെഞ്ചുവേദന, അസ്വസ്ഥത, വിയര്‍പ്പ്, ശരീരത്തിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥതത, ഛര്‍ദ്ദി, ശ്വാസതടസ്സം, തലകറക്കം എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസപ്പെട്ടേക്കാം. അതായത് സ്ത്രീകള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടാതെ ഹൃദയാഘാതം ഉണ്ടാകാമെന്നും എഎച്ച്എസ് വ്യക്തമാക്കുന്നു.