വാന്‍കുവറില്‍ കുത്തേറ്റ് സാരമായി പരുക്കേറ്റ 22കാരനായ ഫുഡ് ഡെലിവറി ബോയിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ നഗരത്തില്‍ ചൈനാ ടൗണിന് സമീപത്താണ് സംഭവം നടന്നത്.
ഈസ്റ്റ്‌പെന്‍ഡര്‍ സ്ട്രീറ്റിന് സമീപമുള്ള ഗോര്‍ അവന്യുവില്‍ സ്‌കിപ്പ് ദി ഡിഷസ് ജീവനക്കാരനെയാണ് അജ്ഞാതന്‍ ആക്രമിച്ചത്. നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ ജീവനക്കാരനെ അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജീവന്‍ അപകടത്തിലായേക്കാവുന്ന പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും ആരോഗ്യ നില മെച്ചപ്പെടുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രാബ് പാര്‍ക്കില്‍ വെച്ച് പ്രതിയായ ഡെന്നിസ് അമാനന്ദ് പ്രസാദിനെ(43) പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ ആക്രമണം നടത്തിയതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.