ക്യുബെക്ക് തെരഞ്ഞെടുപ്പ്: കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പാര്‍ട്ടികള്‍: സര്‍ക്കാര്‍ വൈവിധ്യപൂര്‍ണമാകും

By: 600002 On: Sep 11, 2022, 1:20 PM


ഒക്ടോബര്‍ 3ന് ക്യുബെക്കില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എക്കാലത്തെയും വ്യത്യസ്തമാര്‍ന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 നെ അപേക്ഷിച്ച് പുതിയ ക്യുബെക്ക് ഗവണ്‍മെന്റിന് കൂടുതല്‍ സ്ത്രീകള്‍, തദ്ദേശവാസികള്‍, കുടിയേറ്റ പശ്ചാത്തലമുള്ള ആളുകള്‍, LGBTQ+  കമ്യൂണിറ്റിയിലെ അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് അഞ്ച് പ്രമുഖ പാര്‍ട്ടികളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു കനേഡിയന്‍ പ്രസ് കംപിലേഷന്‍ പറയുന്നത്. 

എല്ലാ പാര്‍ട്ടികളിലും വനിതാ പ്രാതിനിധ്യം ഇത്തവണ കൂടുതലാണ്. വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ പുതിയ ദേശീയ അസംബ്ലി മുന്‍കാലങ്ങളെ അപേക്ഷിച്ച് വൈവിധ്യപൂര്‍ണമായിരിക്കും. കോളിഷെന്‍ അവെനീര്‍ ക്യുബെക്ക്(സിഎക്യു) ആണ് ഇത്തണ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനവും വനിതകളാണ്. 

പാര്‍ട്ടി ക്യുബക്കോയിസ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നുണ്ട്. അതേസമയം, സ്വവര്‍ഗാനുരാഗി, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ബൈസെക്ഷ്വല്‍, ക്വിയര്‍, നോണ്‍-ബൈനറി അല്ലെങ്കില്‍ മറ്റെന്തെങ്കിലുമെന്ന് തിരിച്ചറിയുന്ന 22 ഓളം( 17.6 ശതമാനം) സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ക്യുബെക്ക് സോളിഡെയര്‍(ക്യുഎസ്) മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തരാവുകയാണ്. ക്യുഎസിന്റെ ആറ് സ്ഥാനാര്‍ത്ഥികള്‍(4.8 ശതമാനം) തദ്ദേശീയരായ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. ക്യുഎല്‍പി, പിക്യു, സിഎക്യു എന്നീ പാര്‍ട്ടികള്‍ക്ക് തദ്ദേശീയരായ ഓരോ സ്ഥാനാര്‍ത്ഥിയുണ്ട്. ക്യുബെക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തദ്ദേശീയരായ സ്ഥാനാര്‍ത്ഥികള്‍ ആരുമില്ല. 

സിഎക്യുവിനാണ് ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥികളുള്ളത്. ഏറ്റവും പ്രായമുള്ള സ്ഥാനാര്‍ത്ഥിക്ക് 68 വയസ്സും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് 21 ഉം വയസ്സാണ്. ശരാശരി പ്രായം 49 വയസ്സാണ്.