'അവൾക്ക് മക്കളുണ്ടാകില്ല. ആ കാര്യവും കൂടി അവൾ..' ന്യൂജെൻ മാര്യേജ് Part - 3

By: 600009 On: Sep 11, 2022, 11:47 AM

Written By, Abraham George, Chicago.

വിവാഹ കച്ചവടം, നടത്തുന്നതിനു മുമ്പായി, ആനി ലോനപ്പൻ്റെ സഹോദരൻ ബെന്നി ലോനപ്പനെയും മുൻ ഭർത്താവ് ജേക്കബിനെയും കാണണമെന്ന് തീരുമാനമെടുത്തു. അത് അത്യാവശ്യമായ ഘടകമായി തോന്നി. കോടികളുടെ ഡീൽ എങ്ങനെ അവരുടെ മുമ്പിൽ അവതരിപ്പിക്കണമെന്നതിന് തീരുമാനമെടുക്കാനായില്ല. താൻ പടുകുഴിൽ ചെന്ന് ചാടുമെന്ന് അവർ തീർച്ചയായും പറയും. പണത്തിനോടുള്ള ആർത്തിയും അവളോടുള്ള അമിതമായ സ്നേഹവും, ഈ ഡീലിൽ നിന്ന് മാറാൻ മനസ്സ് അനുവദിക്കുന്നില്ല. എന്താ വേണ്ടെയെന്ന് പലകുറി ചിന്തിച്ചു. മനസ്സുകൊണ്ട് ആനി ലോനപ്പനെ ഇഷ്ടമാണ്, കുറെക്കാലം മനസ്സിൽ കൊണ്ടു നടന്നതല്ലേ? അവൾക്കും എന്നോട് ഇഷ്ടമായതുകൊണ്ടാണല്ലോ എൻ്റെ മുന്നിൽ തന്നെ വന്നത്. എന്തായാലും അവൾക്കുണ്ടാകുന്ന കുട്ടിയുടെ പിതൃത്വമെങ്കിലും തനിക്ക് അവകാശപ്പെട്ടതാണല്ലോ?

ചിന്തകൾ കാട് കയറിക്കെണ്ടേയിരുന്നു. മുൻ ഭർത്താവിൽ നിന്നും അനുകൂലമായ അഭിപ്രായം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ലായെന്ന് എനിക്ക് തോന്നി. അവർ തമ്മിൽ നീരസം ആയതു കൊണ്ടാണല്ലോ വേർപിരിഞ്ഞത്. പിന്നെ അയാൾ അവളെ പറ്റി നല്ല അഭിപ്രായം പറയുമോ? എന്നാലും ഡിവോഴ്‌സ് ആകാനുള്ള കാരണമെന്താണന്ന്, അയാളുടെ വായിൽ നിന്ന് കേൾക്കണം. ധനികയായ ഒരു സ്ത്രീയെ വേണ്ടെന്ന് വെക്കാനുള്ള കാരണവും അറിയണം. അഞ്ചു കൊല്ലം കൂടെ പാർപ്പിച്ചിട്ടും മക്കളുണ്ടായില്ലായെന്ന ആനിയുടെ വാദം എത്രത്തോളം സത്യമാണന്ന് മനസ്സിലാക്കണം. അതാണ് അറിയേണ്ടതും. അവളുടെയിപ്പോളത്തെ ആവശ്യം ഒരു കുട്ടിയാണ്, സ്വത്തിന് ഒരവകാശി. അതും സ്വന്തം ഗർഭപാത്രത്തിൽ ജനിച്ച കുട്ടി. സ്വത്ത് നശിച്ച് പോകരുതെന്ന് ചിന്തിക്കാനുള്ള കാരണമെന്താണ്. സഹോദരൻ ബെന്നിയിൽ, അവൾക്കുള്ള ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് കൂടി അന്വേഷിക്കണം.

അവർ തമ്മിൽ അത്ര രസത്തിലല്ലായെന്ന തോന്നൽ ശക്തിപ്പെട്ടു. സഹോദരനുമായി അനുനയത്തിലാണെങ്കിൽ, ഇതേ പോലെ ബാറിലും മറ്റും കയറി കള്ള് കുടിച്ചു നടക്കാൻ അനുവദിക്കുമോ? അയാളുടെ നിയന്ത്രണം വിട്ടു പോയിയെന്നു വേണം അനുമാനിക്കാൻ. എന്തായാലും ആദ്യം, സഹോദരനെ തന്നെ കാണണമെന്ന്  തീരുമാനിച്ചു. പത്തുകോടി രൂപ തരുമെന്ന് പറഞ്ഞതിന് സാക്ഷിയായി അയാളിരിക്കട്ടെ, എന്നുള്ളതായിരുന്നു എൻ്റെ അഭിപ്രായം. അതിൽ എത്രമാത്രം സത്യമുണ്ടെന്ന്‌ കൂടിയറിയണം. പണം തനിക്കാവശ്യമുണ്ട്, പക്ഷെ കൃത്യമായി ഡീൽ ഉറപ്പിച്ചില്ലായെങ്കിൽ, പണവും കിട്ടില്ല, നാണക്കേടുമാവും. ജീവിതം നശിക്കുകയും ചെയ്യും. അവൾ പറയുന്നതനുസരിച്ച് നോക്കിയാൽ നിയമപരമായ ഒരു വിവാഹമാണ്. ചുമ്മാ കളിതമാശയല്ല. അതു കൊണ്ട് വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. പണം അവർക്ക് പ്രശ്നമാകില്ലായെന്നത് ഉറപ്പാണ്. നാട്ടിൽ തേയില തോട്ടവും കാപ്പിതോട്ടവും റബറുമൊക്കെ കൂടാതെ അപ്പൻ മുൻ എം.എൽ.എ കട്ടുമുടിപ്പിച്ച് ഉണ്ടാക്കിയ പണവും ധാരാളം കാണും. പണത്തിൻ്റെ ഹുങ്ക് ആണല്ലോ മക്കൾ കാട്ടിക്കൂട്ടുന്നത്.

ആനിയുടെ സഹോദരൻ ബെന്നി അത്ര കുഴപ്പക്കാരനല്ലായെന്ന് അറിയാം. ഞാനവിടെ ആദ്യകാലത്ത് ജോലി ചെയ്ത അനുഭവം വെച്ച് നോക്കുമ്പോൾ അയാൾ മാന്യനായിരുന്നു, അതാണ് എൻ്റെ അനുഭവം. ഒരാളുടെ ഉള്ളിൽ കയറി നോക്കാനാവില്ലല്ലോ? ബോസ് എന്ന നിലയിൽ, അയാൾ കാര്യങ്ങൾ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. പക്ഷെ സഹോദരൻ ബെന്നി എന്തുകൊണ്ട് പെങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ലായെന്ന ചിന്തയെന്നെ അലട്ടി. അയാൾ വിചാരിച്ചാൽ, നല്ലൊരു ബന്ധം നടത്തി കൊടുക്കാവുന്ന കാര്യമേയുള്ളൂ, പിന്നെയെന്തു കൊണ്ട് അയാൾ അതിന് തുനിയുന്നില്ല. സ്വന്തം പെങ്ങളുടെ കാര്യത്തിൽ അയാൾ അങ്ങനെ മാറി നിൽക്കുമോ? ചിന്ത പിന്നെയും കാട് കയറുകയാണ്. ആനി എന്തുദ്ദേശത്തിലാണ് എന്നെ സമീപിച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും ഗൂഢ ഉദ്ദേശമുണ്ടോ? താൻ പടുകുഴിയിൽ വീഴുമോ? എല്ലാ ചിന്തകളും പണത്തിൻ്റെ മുന്നിൽ തല കുമ്പിടുന്നു. പരീക്ഷിച്ച് നോക്കാമെന്ന് തന്നെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കുന്നു.

ആനി ലോനപ്പൻ്റെ കരാർ അനുസരിച്ച് എടുത്തു ചാടിയാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പിന്നെയും ചിന്തിച്ചു. അവൾ നീട്ടുന്ന പണത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ എല്ലാ കുഴപ്പങ്ങളും നിഷ്പ്രഭമാകുകയാണ്. പണം കരസ്ഥമാക്കുക, അവളെ അനുനയിപ്പിച്ച് കൂടെ നിർത്താനാവുന്നില്ലായെങ്കിൽ, ഒന്നര കൊല്ലം കൊണ്ട് തീരാവുന്ന പ്രശ്നമേയുള്ളൂയെന്ന് ചിന്തിക്കുമ്പോൾ മനസ്സിന് ശാന്തി തോന്നുന്നു. അതിലേറ്റവും വലുത് കോടികൾ കയ്യിൽ വരുന്നുവെന്നുള്ളതാണ്. പണത്തിൻ്റെ ഡീൽ ഏതു വിധത്തിലാകണമെന്ന് ചിന്തിച്ചു. കള്ള് കുടിച്ച് നടക്കുന്നവളെ വിശ്വസിക്കാൻ പറ്റത്തില്ല. എത്രയും പെട്ടന്ന് സംഭോഗം നടത്തി ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുക്കുക. കൊച്ചിനെ അവൾ മാന്യമായി നോക്കിക്കോളും, അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഏൽപ്പിക്കുമായിരിക്കും. കുഞ്ഞ് പെരുവഴിയിലാവില്ലായെന്ന് പൂർണ്ണമായി വിശ്വസിക്കാം. ആനിയുടെ സഹോദരൻ ബെന്നി ലോനപ്പനെ കാണാൻ രണ്ടു പ്രാവശ്യം നടന്നതിനു ശേഷമേ കാണാൻ ഒത്തുള്ളു. ഒരോ പ്രാവശ്യം ചെല്ലുമ്പോളും അയാൾ അവിടെയാണ് ഇവിടെയാണന്നാണ് പറഞ്ഞത്. ഈ പ്രാവശ്യം ഏതായാലും കാണാനൊത്തു എന്നതാണ് ഭാഗ്യം. മുൻ പരിചയമുള്ളതുകൊണ്ട് ബെന്നിയെന്നെ ആനയിച്ച് ഇരുത്തി. ഇപ്പോൾ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നുയെന്ന് തിരക്കി. കുടിക്കാൻ എന്താ വേണ്ടതെന്നും തിരക്കി.

"ഇപ്പോൾ എനിക്കൊന്നും വേണ്ട" ഞാൻ പറഞ്ഞു.

"വേണ്ടങ്കിൽ വേണ്ട, പിന്നെ പ്രത്യേകിച്ച് എന്നെ കാണാൻ വന്നതിൻ്റെ കാരണമെന്താണ്. തൻ്റെ ജോലിക്കെന്തെങ്കിലും തകരാറുണ്ടോ?" അയാൾ അന്വേഷിച്ചു.

"എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നു സർ" ഞാൻ ഉത്തരം കൊടുത്തു. പിന്നെ ഞാൻ വന്നതിൻ്റെ കാര്യം.. പ്രശ്നം ഞാൻ എടുത്തിട്ടു.

"എന്തായാലും പറഞ്ഞോളു ജോർജേ..." അയാൾ കാത് കൂർപ്പിച്ചു.

"വളച്ച് കെട്ടില്ലാതെ ഞാൻ കാര്യം പറയാം. എനിക്ക് ആനിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. സാറിൻ്റെ അഭിപ്രായം കൂടിയറിയണം." ഡീലിൻ്റെ കാര്യത്തെക്കുറിച്ച് പിന്നീട് പറയാമെന്ന് വെച്ചു.

"അത് നമുക്ക് ആലോചിക്കാനുള്ള കാര്യമല്ലേയുള്ളൂ. പക്ഷെ അവൾ വിവാഹത്തിന് സമ്മതിക്കുമോ എന്നുള്ളതാണ് സംശയം."

"ആനിയാണ് ഈ ആഗ്രഹം എന്നോട് പറഞ്ഞത് ഞങ്ങൾ ഒരേ കോളെജിൽ പഠിച്ചവരാണ്. ആ ബന്ധം ആയിരിക്കണം ആനിക്ക് എന്നോട് ഇഷ്ടം തോന്നാൻ കാരണം " മറ്റുള്ള കാര്യങ്ങളൊന്നും വ്യക്തമാക്കിയില്ല.

"ഒരു കാര്യമുണ്ടല്ലോ ജോർജേ .. അവൾക്ക് മക്കളുണ്ടാകില്ല. ആ കാര്യവും കൂടി അവൾ നിങ്ങളോട് പറഞ്ഞോ..? "

"ഇല്ലാ, " ഞാൻ സ്തഭിച്ചു പോയി. ആ പറഞ്ഞ കാര്യം സത്യമാണോ? അങ്ങനെയെങ്കിൽ ഒരു കുട്ടി ഉണ്ടാകുന്നതുവരെ, നമ്മളുടെ ബന്ധം നിലനിർത്തായാൽ മതിയെന്ന വ്യവസ്ഥ, അവൾ മുന്നോട് വെച്ചത് എന്തിന്. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. എന്തായാലും ആത്മാർത്ഥ സുഹൃത്തായ മഹേഷുമായി ആലോചിക്കാൻ തീരുമാനിച്ചു. ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും മേല മധുരിച്ചിട്ട് തുപ്പാനും മേലാത്ത അവസ്ഥയിലായി. ഞാൻ മഹേഷിനെയും കൂട്ടി ബീച്ചിലേക്ക് നടന്നു.

"എന്തായെന്ന് വെച്ചാൽ കാര്യം പറ ജോർജേ .. നീ കുറെ നേരമായല്ലോയെന്നെയും കൊണ്ടു നടക്കുന്നത്. "

"ഞാൻ പറയാം മഹേഷ്, ഞാൻ പറയണത് ശ്രദ്ധിച്ച് കേൾക്കണം. ഇതൊരു ഡീലാണ്. പണം കൈയിൽ വരുന്ന ഡീൽ. ഒരു എഗ്രിമെൻ്റ് മാര്യേജ്. ഈ മാര്യേജിൻ്റെ ആയുസ്സ് ഒരു കുട്ടി ജനിക്കുന്നതു വരെയുള്ളൂ. അതിന് ഇനാമായി പത്തുകോടി രൂപ തരാമെന്നാണ് എഗ്രിമെൻ്റ്. കക്ഷി എൻ്റെ കൂടെ എൻജിനീയറിംഗ് കോളെജിൽ പഠിച്ചതും, ഞാനാദ്യം ജോലി ചെയ്തിരുന്ന ഐ.ടി കമ്പനിയുടെ ബോസ്സിൻ്റെ സഹോദരിയുമാണ്. എന്താ വേണ്ടെതെന്ന് ഒരെത്തും പിടിയും കിട്ടുന്നുമില്ല. പണത്തിൻ്റെ ആവശ്യം എനിക്ക് എത്രത്തോളം ഉണ്ടെന്ന് നിനക്കറിയാമല്ലോ?"

മഹേഷ് എടുത്ത വായിൽ പറഞ്ഞു "എടാ പൊട്ടാ, വേലയെടുത്ത് കാശ് ഉണ്ടാക്കാൻ നോക്ക്, വേലിയിരിക്കുന്ന പാമ്പിനെയെടുത്ത് തോളത്ത് ഇടണോ?  ഉള്ളത് കൊണ്ട് തൃപ്തിപ്പെട്, അല്ലാതെ ഈ വക പൊട്ടത്തരത്തിൽ ചെന്ന് ചാടിയാലുണ്ടല്ലോ, തടിയൂരാൻ പറ്റില്ല. പത്തുകോടി രൂപയേ .. നടക്കണ വല്ല കാര്യവുമാണോ? അവർ ധനികരാണ്, അവർക്ക് എന്തുമാകാം, കുരങ്ങനെ കൊണ്ട് ചുടു ചോറ് മാന്തിക്കണമാതിരിയാണിത്. ഇപ്പോൾ തന്നെ അതെല്ലാം മറന്നേക്ക്."

---------തുടരും---------