മോണ്‍ട്രിയലില്‍ നിയന്ത്രണം വിട്ട കാര്‍ സ്റ്റോറിലേക്ക് പാഞ്ഞുകയറി; ഡ്രൈവറും കാല്‍നടയാത്രക്കാരനും മരിച്ചു 

By: 600002 On: Sep 11, 2022, 11:10 AM


ശനിയാഴ്ച മോണ്‍ട്രിയലില്‍ ഒരു വാഹനം കാല്‍നടയാത്രക്കാരനെ ഇടിച്ചതിനെ തുടര്‍ന്ന് കണ്‍വീനിയന്‍സ് സ്‌റ്റോറിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന 52 കാരനായ ഡ്രൈവറും 39 കാരനായ കാല്‍നടയാത്രികനുമാണ് മരിച്ചത്. 

ഷെര്‍ബ്രൂക്ക് സെന്റ് വഴി കിഴക്ക് ദിശയിലേക്ക് പോവുകയായിരുന്ന വാഹനം ഡെസ് ഓര്‍മിയോക്‌സ് സെന്റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളില്‍ ഇടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതറിഞ്ഞെത്തിയ പോലീസ്, കാര്‍ സ്‌റ്റോറിലേക്ക് ഇടിച്ച് കയറിയതായാണ് കണ്ടത്. കടയിലേക്ക് ഇടിച്ചുകയറുന്നതിനു മുമ്പ് കാര്‍ 39കാരനായ ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടുവെന്ന് മോണ്‍ട്രിയല്‍ പോലീസ്(എസ്പിവിഎം) വക്താവ് വെറോണിക് കോംടോയിസ് പറഞ്ഞു. 

ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഗുരുതരമായി പരുക്കേറ്റ കാല്‍നടയാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടമുണ്ടാക്കാനിടയായതെന്താണെന്നതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.