പ്രതിവര്‍ഷം 100,000 യുഎസ് ഡോളറില്‍ താഴെ വരുമാനമുള്ള രക്ഷിതാക്കളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍നിര അമേരിക്കന്‍ സര്‍വ്വകലാശാലകളിലൊന്നായ ന്യൂജേഴ്‌സിയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ പുതിയ സാമ്പത്തിക സഹായ കവറേജ് പ്രഖ്യാപിച്ചു. മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ, സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍, ജോര്‍ദാന്‍ രാജ്ഞി നൂര്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നീ പ്രശസ്തര്‍ പഠിച്ച കോളേജാണ് പ്രിന്‍സ്ടണ്‍ സര്‍വകലാശാല.
മുമ്പ്, 65,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രമാണ് മുഴുവന്‍ സാമ്പത്തിക സഹായ കവറേജ് ലഭിച്ചിരുന്നത്. പുതിയ പരിരക്ഷാ പദ്ധതി പ്രകാരം നിശ്ചിത വരുമാന പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ മറ്റ് ചെലവുകളുണ്ടാകില്ലെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. സര്‍വ്വകലാശാലയിലെ 25 ശതമാനം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്(1500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക്) ട്യൂഷന്റെയും ഹോസ്റ്റല്‍ റൂമിന്റെയും ബോര്‍ഡിന്റെയും മുഴുവന്‍ ചെലവും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക സഹായമാണ് ലഭിക്കുക.
സര്‍വ്വകലാശാലയുടെ സാമ്പത്തിക സഹായ വിപുലീകരണം 150,000 ഡോളര്‍ വരെ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രിന്‍സ്റ്റണില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കവറേജില്‍ ആദ്യം പ്രയോജനം ലഭിക്കുക.