ഒന്റാരിയോയില്‍ സഹായത്തിനായി സമീപിച്ച വൃദ്ധയില്‍ നിന്നും യുവതി 2,000 രൂപ തട്ടി

By: 600002 On: Sep 10, 2022, 12:05 PM

ഒന്റാരിയോയില്‍ പാര്‍ക്കിംഗ് ലോട്ടില്‍ ടാക്‌സിക്ക് യാത്രാക്കൂലി നല്‍കാന്‍ സഹായമഭ്യര്‍ത്ഥിച്ച് വൃദ്ധയില്‍ നിന്നും ഒരു സ്ത്രീ 2,000 ഡോളര്‍ തട്ടിയതായി പരാതി. ഒരാഴ്ച മുമ്പ് ഒന്റാരിയോയിലെ എടോബിക്കോക്കിലെ മോയര്‍ എന്ന വൃദ്ധയില്‍ നിന്നാണ് തട്ടിപ്പ് നടത്തി പണം കവര്‍ന്നത്.  

20 ഡോളറിന്റെ ബില്ല് കൈവശമുണ്ടായിരുന്ന ഒരു യുവതി തന്റെ അടുക്കല്‍ വന്ന് ടാക്‌സി ഡ്രൈവര്‍ പണം സ്വീകരിക്കുന്നില്ലെന്നും തന്റെ ഡെബിറ്റ് കാര്‍ഡ് നല്‍കാമോയെന്നും ചോദിച്ചതായി മോയര്‍ പറഞ്ഞു. പണം തനിക്ക് തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു. ഒരു സ്ത്രീ സഹായം ചോദിച്ചതിനാല്‍ ഇല്ല എന്ന് പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡ് നല്‍കി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍ പണം പിന്‍വലിച്ചു. പിന്‍ നമ്പര്‍ മനസ്സിലാക്കിയ ശേഷം സ്ത്രീ കാര്‍ഡ് തിരികെ നല്‍കി. തിരികെ തന്റെ വാഹനത്തില്‍ കയറിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് തന്റേതല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതെന്ന് മോയര്‍ പറഞ്ഞു. 

തട്ടിപ്പ് തിരിച്ചറിഞ്ഞ് ഉടന്‍ പ്രാദേശിക ബാങ്ക് ശാഖയിലേക്ക് എത്തിയപ്പോഴേക്കും തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ നിന്നും 2000 ഡോളര്‍ എടിഎം വഴി തട്ടിയിരുന്നു. തട്ടിപ്പുകാര്‍ക്ക് കാര്‍ഡ് നല്‍കിയതിനാല്‍ പണം തിരികെ ലഭിക്കില്ലെന്നാണ് ബാങ്കില്‍ നിന്നുമുള്ള പ്രതികരണമെന്ന് മോയര്‍ പറയുന്നു. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഇത്തരത്തില്‍ ടാക്‌സി ഡ്രൈവറായും യാത്രക്കാരായും വേഷമിട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ജനങ്ങള്‍ ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.