ആകര്‍ഷകമായ ശമ്പളം തേടി പോലീസ് ടെക് വിദ്യാര്‍ത്ഥികള്‍ മോണ്‍ട്രിയല്‍ വിടുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Sep 10, 2022, 10:29 AM


ക്യുബെക്കില്‍ പോലീസ് സേനാ വിഭാഗത്തിലും തൊഴിലാളി ക്ഷാമം രൂക്ഷമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യചത്തില്‍ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനും മോണ്‍ട്രിയല്‍ പോലീസ് പാടുപെടുകയാണ്. പോലീസിലെ ടെക് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ ക്യുബെക്കിന് പുറത്തുള്ള പോലീസ് സേന എന്നത്തേക്കാളും കൂടുതല്‍ തങ്ങളുടെ ബിരുദധാരികളായ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് പോലീസ് കോളേജായ ജോണ്‍ അബോട്ട് കോളേജ് പറയുന്നു. 

ടൊറന്റോ പോലീസ് സര്‍വീസിലെയും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസിലെയും(OPP)  മേധാവികളും മോണ്‍ട്രിയല്‍ പോലീസും അവര്‍ സേവനമനുഷ്ഠിക്കുന്ന നഗരങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള മത്സരത്തിലാണെന്ന് ജോണ്‍ അബോട്ട് കോളേജിലെ പോലീസ് ടെക്‌നോളജി പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ സ്‌കോട്ട് ഡാരാഗ് പറയുന്നു. 

സമീപകാല അക്രമങ്ങളുടെയും വെടിവെപ്പുകളുടെയും പശ്ചാത്തലത്തില്‍ നഗരത്തിലെ പൊതു സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കാന്‍ മോണ്‍ട്രിയല്‍ പോലീസ് സേനാ(എസ്പിവിഎം) വിഭാഗത്തില്‍ 225 ഉദ്യോഗസ്ഥരെ കൂടി നിയമിക്കാന്‍ പദ്ധതിയിടുന്നതായി മോണ്‍ട്രിയല്‍ മേയര്‍ വലേരി പ്ലാന്‍ടെ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 225 ഉദ്യോഗസ്ഥരെ നിയമിക്കാന്‍ 250 മില്യണ്‍ ഡോളര്‍ ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവഴി 450 ഓളം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 

അതേസമയം, കുറഞ്ഞ വേതനം പോലീസ് സേനയില്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കനേഡിയന്‍ നഗരങ്ങളില്‍ മോണ്‍ട്രിയലാണ് പുതുതായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ഏറ്റവും കുറഞ്ഞ വേതനം വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. എസ്പിവിഎമ്മിലെ അടിസ്ഥാന ശമ്പളം 41,695 ഡോളറാണ്. 42,645 ഡോളറിനടുത്താണ് ക്യുബെക്ക് സിറ്റിയിലെ ശമ്പളം. എന്നാല്‍ മറ്റ് പ്രധാന നഗരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായ പ്രാരംഭ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓട്ടവ പോലീസ് സര്‍വീസ്- 72,845 ഡോളര്‍, ടൊറന്റോ പോലീസ് സര്‍വീസ്- 75,218 ഡോളര്‍, ഹാലിഫാക്‌സ് റീജിയണല്‍ പോലീസ്-64,677 എന്നിങ്ങനെയാണ് കൂടുതല്‍ വേതനം നല്‍കുന്ന നഗരങ്ങള്‍. വാന്‍കൂവറിലാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നത്- 77,983 ഡോളര്‍. 

മോണ്‍ട്രിയലിലെ കുറഞ്ഞ ശമ്പളമാണ് നിലവിലെ സ്റ്റാഫ് പ്രതിസന്ധികള്‍ക്ക് ഒരു കാരണമെന്ന് സേനയില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ച എസ്പിവിഎം ഓഫീസര്‍ പറയുന്നു.