ബീസിയില്‍ കാട്ടുതീ നിയന്ത്രണാതീതം; അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി 

By: 600002 On: Sep 10, 2022, 8:30 AM


ബീസിയിലെ ഹോപ്പിന് സമീപം കാട്ടുതീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഫ്‌ളഡ് ഫാള്‍സ് ട്രയല്‍ ഏരിയയില്‍ നിയന്ത്രണാതീതമായ തീപിടുത്തം ആളുകളുടെ ജീവന് അപകടമുണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രേസര്‍ വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് മുന്നറിയിപ്പ് നല്‍കിയത്. 

കാട്ടുതീ വ്യാപിക്കുന്ന പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവാക്വേഷന്‍ അലേര്‍ട്ട് പുറപ്പെടുവിച്ചതിനാല്‍ താമസക്കാര്‍ മരുന്നുകളുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറേണ്ടി വരും.

ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. 50 ഹെക്ടറോളം സ്ഥലങ്ങളിലേക്കാണ് ഇതിനോടകം കാട്ടുതീ പടര്‍ന്നുപിടിച്ചത്. കുത്തനെയുള്ള പ്രദേശങ്ങളിലേക്ക് കാട്ടുതീ വ്യാപിക്കുന്നതിനാല്‍ അഗ്‌നിശമനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 5 ഹെലികോപ്ടറുകളും 45 അഗ്നിരക്ഷാപ്രവര്‍ത്തകരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.