ന്യൂയോര്‍ക്ക് നഗരത്തിന് പുറത്തുള്ള മൂന്ന് കൗണ്ടികളിലെ മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാമ്പിളുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജൂലൈ അവസാനം പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പോളിയോ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെയും അടുത്തുള്ള മൂന്ന് കൗണ്ടികളിലെയും അഴുക്കുചാലിലെ മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 9 വരെ അടിയന്തരാവസ്ഥ പ്രാബല്യത്തിലുണ്ടാകും.
പോളിയോ വാക്‌സിനുകള്‍ നല്‍കുന്നതിനും പ്രതിരോധ കുത്തിവെപ്പ് നിരക്ക് ത്വരിതപ്പെടുത്തുന്നതിനും മറ്റ് നടപടിക്കുമാണ് അടിയന്തരാവസ്ഥ നീട്ടിയിരിക്കുന്നത്. ഏപ്രിലില്‍ ശേഖരിച്ച മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തിയിരുന്നു.
ഏതാണ്ട് 10 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു രാജ്യത്ത് വീണ്ടും പോളിയോ രോഗം സ്ഥിരീകരിച്ചത്. മറ്റ് കേസുകളൊന്നും സംസ്ഥാനത്ത് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍, വൈറസ് പടരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ മലിനജലം പരിശോധിക്കുന്നുണ്ട്. ജനങ്ങള്‍ മുന്‍കരുതലുകളെടുക്കുകയും പോളിയോ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.