ആറ് മാസത്തിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സിന് ഹെല്‍ത്ത് കാനഡയുടെ അംഗീകാരം 

By: 600002 On: Sep 10, 2022, 6:57 AM


ആറ് മാസത്തിനും നാല് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഫൈസറിന്റെ കോവിഡ്-19 വാക്‌സിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കി. ജൂലൈയില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള മോഡേണയുടെ സ്പൈക്ക്വാക്സ് ഷോട്ടിന് ശേഷം ഹെല്‍ത്ത് കാനഡയുടെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്.

സമഗ്രവും സ്വതന്ത്രവുമായ ശാസ്ത്രീയ അവലോകനത്തിന് ശേഷം, ഫൈസര്‍-ബയോഎന്‍ടെക്കിന്റെ വാക്സിന്‍ കുട്ടികള്‍ക്കുള്ള അപകടസാധ്യതകളെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്ന് ഫെഡറല്‍ വകുപ്പ് പറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വാക്സിന്റെ മൂന്ന് ഡോസ് പ്രൈമറി സീരീസ്, ഒന്നും രണ്ടും ഡോസുകള്‍ക്കിടയില്‍ മൂന്ന് ആഴ്ചയും രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകള്‍ക്കിടയില്‍ എട്ട് ആഴ്ചയും കാലയളവിനുള്ളില്‍ നല്‍കാമെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു. കോവിഡിന്റെ യഥാര്‍ത്ഥ സ്ട്രെയിനിനെ ലക്ഷ്യം വച്ചുള്ള വാക്സിനുകള്‍ ഗുരുതരമായ അസുഖം, ആശുപത്രിവാസം, മരണം എന്നിവ തടയുന്നതില്‍ ഫലപ്രദമാണെന്നും ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.

ഒമിക്രോണ്‍ വേരിയന്റിനെ ലക്ഷ്യമിടുന്ന മോഡേണയുടെ വാക്സിന്റെ പുതിയ പതിപ്പിന് സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ഈ വാക്സിന്‍ ഉപയോഗിക്കാനുള്ള അംഗീകാരം ഇതുവരെ നല്‍കിയിട്ടില്ല.