പുതിയ കേന്ദ്രീകൃത പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി ഫെഡറല്‍ ഗവണ്‍മെന്റ് 

By: 600002 On: Sep 9, 2022, 2:43 PM


ദേശീയ ഡെന്റല്‍ കെയര്‍ പദ്ധതിയുടെ ആദ്യ ഘട്ടം, വാടകക്കാര്‍ക്കുള്ള ഭവന ആനുകൂല്യം, ഫെഡറല്‍ ജിഎസ്ടി റിബേറ്റ് ഇരട്ടിയാക്കല്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രീകൃത പദ്ധതി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയാണ്. 

ജീവിത ചെലവ് സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്ന ഫെഡറല്‍ മന്ത്രിമാരുടെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടികള്‍ കൈക്കൊള്ളാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. 

പദ്ധതിയില്‍ 90,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബത്തിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ദേശീയ ദന്ത സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ദന്ത സംരക്ഷണ പദ്ധതിയ്ക്കായി ഈ വര്‍ഷത്തെ ഫെഡറല്‍ ബജറ്റില്‍ ഹെല്‍ത്ത് കാനഡയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് 5.3 ബില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. 

കാനഡ ഹൗസിംഗ് ബെനിഫിറ്റ് എന്ന പേരില്‍ 500 ഡോളര്‍ ഒറ്റത്തവണ വാടകയ്ക്ക് നല്‍കാനുള്ള സപ്പോര്‍ട്ട് പ്രോഗ്രാം ഇതിനകം സ്വീകരിക്കുന്നവര്‍ക്കായി ടോപ്പ് അപ്പ് ചെയ്യാനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.