പണപ്പെരുപ്പം:  ബീസിയില്‍  ടാക്‌സ് ക്രെഡിറ്റ്, വാടക നിരക്ക് പരിധി വര്‍ധിപ്പിക്കുന്നു

By: 600002 On: Sep 9, 2022, 2:10 PM


പണപ്പെരുപ്പം വര്‍ധിക്കുന്നത് മൂലം പ്രവിശ്യയില്‍ ജീവിതച്ചെലവ് ഉയരുന്നതിനാല്‍ ബീസി പ്രീമിയര്‍ ജോണ്‍ ഹോര്‍ഗന്‍ രണ്ട് ടാക്‌സ് ക്രെഡിറ്റുകള്‍ വര്‍ധിപ്പിക്കുകയും വാടക നിരക്കിന്റെ പരിധി ഉയര്‍ത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്. ക്ലൈമറ്റ് ആക്ഷന്‍ ടാക്‌സ് ക്രെഡിറ്റും ബീസി ഫാമിലി ബെനിഫിറ്റുമാണ് ഉയര്‍ത്തിയിരിക്കുന്നത്. 

ആദ്യ ക്രെഡിറ്റില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 164 ഡോളറും കുട്ടികള്‍ക്ക് 41 ഡോളറുമാണ് വര്‍ധിപ്പിക്കുക. ഈ പേയ്‌മെന്റുകള്‍ ഒക്ടോബര്‍ ആദ്യവാരം ലഭിക്കുമെന്ന് ഹോര്‍ഗന്‍ പറഞ്ഞു. അടുത്ത ജനുവരിയില്‍, കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്(18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും) കുറഞ്ഞത് മൂന്ന് മാസത്തേക്ക് 58.33 ഡോളര്‍ കൂടി ലഭിക്കും. നാലംഗ കുടുംബത്തിന് പ്രതിവര്‍ഷം 760 ഡോളര്‍ അധികമായി ലഭിക്കും. ഒരു കുട്ടിയുള്ള ഒരു രക്ഷിതാവിന് 500 ഡോളര്‍ അധികമായി ലഭിക്കുമെന്നും ഹോര്‍ഗന്‍ വ്യക്തമാക്കി. ഒരു കുടുംബത്തില്‍ എത്ര കുട്ടികളും പരിചാരകരും ഉണ്ടെന്നതിനെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. 

ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 79,000 ഡോളര്‍ വരുമാനമുള്ള വ്യക്തികള്‍ക്കും ഏകദേശം 150,000 ഡോളര്‍ സംയോജിത വരുമാനമുള്ള നാലംഗ കുടുംബങ്ങള്‍ക്കും ക്ലൈമറ്റ് ആക്ഷന്‍ ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. പുതുതായി പുനര്‍നാമകരണം ചെയ്യപ്പെട്ട ബീസി ഫാമിലി ബെനിഫിറ്റിന്( മുമ്പ് ചൈല്‍ഡ് ഓപ്പര്‍ച്യൂണിറ്റി ബെനിഫിറ്റ്) അര്‍ഹത നേടുന്നതിന്, ഒരു കുട്ടിയുള്ള ഒരു കുടുംബത്തിന് 115,000 ത്തില്‍ താഴെ വരുമാനം ആവശ്യമാണ്. അതേസമയം, രണ്ട് കുട്ടികളുള്ള കുടംബത്തിന് പരമാവധി 148,000 ഡോളര്‍ ആവശ്യമാണ്.