ഒരു വര്‍ഷത്തിലേറെയായി ഒരു ഫാമിലി ഡോക്ടറെ തിരയുകയാണെന്ന് കാനഡയിലെ മൂന്നിലൊന്ന് പേരും പറയുന്നതായി പുതിയ സര്‍വേ. ഫാമിലി ഡോക്ടര്‍ ഉള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മതിയായ ചികിത്സ ലഭിക്കാത്തവരുടെ ആരോഗ്യ സുരക്ഷ കുറയുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കാനഡയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രതിസന്ധി കേന്ദ്രീകരിച്ച് ആംഗസ് റീഡ് സീരീസ് നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 35 ശതമാനം പേര്‍ പറയുന്നത് ഒരു വര്‍ഷത്തിലേറെയായി തങ്ങള്‍ ഡോക്ടറെ തിരയുകയാണെന്നാണ്.
രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ ജീവനക്കാരുടെ കുറവ് ആശുപത്രികള്‍ക്കുമപ്പുറത്തേക്ക് കടക്കുന്നുവെന്നതാണ് സര്‍വേയിലൂടെ വ്യക്തമാകുന്നത്. കാനഡയിലുള്ള മൂന്നിലൊന്ന് പേര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ഡോക്ടറെ കാണാന്‍ കഴിയുന്നില്ല. 17 ശതമാനം പേര്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഡോക്ടറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതായത് കാനഡയിലുള്ളവരില്‍ പകുതിയും ഫാമിലി ഡോക്ടറെ കാണാന്‍ പാടുപെടുകയാണ്.