കാനഡയില്‍ അഞ്ച് പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്

By: 600002 On: Sep 9, 2022, 8:22 AM

 


കാനഡയിലെ ജനങ്ങളില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ്-19 ബാധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ദേശീയ സര്‍വേ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 6 ന് പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടില്‍ 19.5 ശതമാനം പേര്‍ 2022 ഏപ്രില്‍ 1-ന് മുമ്പ് കോവിഡ്-19 പോസിറ്റീവ് ആയതായി അഭിപ്രായപ്പെട്ടു. ഇതില്‍ 9.8 ശതമാനം പേര്‍ പിസിആര്‍ ടെസ്റ്റിലൂടെ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതായും 9.7 ശതമാനം പേര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് വഴി പോസിറ്റീവ് ആയതായി മനസിലാക്കിയെന്നും വെളിപ്പെടുത്തി.

പന്ത്രണ്ട് പേരില്‍ ഒരാള്‍ക്ക് 2022 ഏപ്രിലിന് മുമ്പ് ഏതെങ്കിലും ഘട്ടത്തില്‍ കോവിഡ് ബാധിച്ചതായി സംശയിക്കുന്നതായി അറിയിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറഞ്ഞു. എന്നാല്‍ ഇവര്‍ ഒരിക്കലും പോസിറ്റീവ് ആയിട്ടില്ലെന്നും സര്‍വ്വേ കണ്ടെത്തി. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, രോഗബാധ ഉണ്ടെന്ന് സംശയിക്കുന്ന, അല്ലെങ്കില്‍ പോസിറ്റീവ് ആയ ഒരു വീട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുക, പോസിറ്റീവ് ആയ ആളുകളുടെ വീടിന് പുറത്തുള്ള ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തി എന്നിവയാണ് തങ്ങള്‍ രോഗബാധിതരാണെന്നതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രണ്ട് ഘട്ടങ്ങളായി നടത്തിയ സര്‍വ്വേയിലൂടെ രാജ്യത്തെ ആളുകളിലെ ആരോഗ്യത്തിലും സാമൂഹിക ക്ഷേമത്തിലും പാന്‍ഡെമിക്കിന്റെ ആഘാതങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സാധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കി. ആന്റിബോഡി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയുടെ രണ്ടാം ഘട്ടത്തിനായി ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ 10 പ്രവിശ്യകളിലെ 100,000 ആളുകളിലാണ് സര്‍വേ നടത്തിയത്.