സസ്‌കാച്ചെവാനിൽ 11 പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റിനെത്തുടർന്ന് മരിച്ചു

By: 600007 On: Sep 8, 2022, 9:59 AM

 

 

സസ്‌കാച്ചെവാനിൽ കഴിഞ്ഞ ഞായറാഴ്ച 11 പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രധാന പ്രതി മൈൽസ് സാൻഡേഴ്സനെ ബുധനാഴ്‌ച പോലീസ് അറസ്റ്റ് ചെയ്യുകയും അറസ്റ്റിന് തൊട്ട് പിന്നാലെ ഇയാളുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മരിച്ചതായി ആർ.സി.എം.പി അറിയിച്ചു. 30 കാരനായ മൈൽസ് സാൻഡേഴ്സനെ ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ആർസിഎംപി കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ, സാൻഡേഴ്സനെ ആരോഗ്യ നില പ്രശ്നത്തിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയായ സാൻഡേഴ്സന്റെ സഹോദരൻ ഡാമിയനെ തിങ്കളാഴ്ച ജെയിംസ് സ്മിത്ത് ക്രീ നേഷനിലെ ഒരു പുൽമേടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

സസ്‌കാച്ചെവാനിലെ വാക്കോവിൽ കത്തിയുമായി ഒരാളെ കണ്ടെത്തിയതായി ബുധനാഴ്ച് പോലീസ് പൊതു ജന മുന്നറിയിപ്പ് നൽകിയതിന് ശേഷം വാക്കോവിന്റെ വടക്കുകിഴക്കുള്ള ഒരു വീടിന് പുറത്ത് മൈൽസ് സാൻഡേഴ്‌സൺ കത്തിയുമായി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. അതിന് ശേഷം ഇയാൾ മോഷ്ടിച്ച   ഷെവർലെ അവലാഞ്ചെ ട്രക്കിൽ റോസ്‌തേനിലേക്ക് പോയ ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

പതിറ്റാണ്ടോളം നീണ്ട ക്രിമിനല്‍ റെക്കോര്‍ഡുള്ളയാളാണ് മൈല്‍സ് സാന്‍ഡേഴ്‌സന്‍ എന്നും മദ്യലഹരിയിലായിരിക്കുമ്പോള്‍ അക്രമാസക്തനാവുന്ന പ്രവണതയും ഇയാള്‍ക്കുള്ളതായി പരോള്‍ ബോര്‍ഡിന്റെ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . നിരവധി ലഹരി പദാര്‍ത്ഥങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗം മൂലം തന്റെ മാനസിക നില തെറ്റുകയും പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുന്നതായി ബോര്‍ഡിനോട് സാന്‍ഡേഴ്‌സണ്‍ പറഞ്ഞതായി ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ പരോള്‍ ബോര്‍ഡ് ഓഫ് കാനഡയുടെ രേഖകളില്‍ പറയുന്നു.