വിദേശ പരിശീലനം നേടിയ നേഴ്‌സുമാർക്ക് ടെമ്പററി രജിസ്‌ട്രേഷൻ നൽകാനുള്ള പദ്ധതിയുമായി ഒന്റാരിയോ 

By: 600007 On: Sep 7, 2022, 8:49 PM

അന്താരാഷ്‌ട്രതലത്തിൽ പരിശീലനം നേടിയ ആയിരക്കണക്കിന് നഴ്‌സുമാരെ വേഗത്തിൽ പ്രാക്ടീസിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള മാറ്റങ്ങൾക്ക് അനുമതി നൽകി ഒന്റാരിയോ. പുതിയ മാറ്റങ്ങൾ പ്രകാരം, അന്തർദേശീയമായി പരിശീലനം നേടിയ നഴ്‌സുമാർക്ക് കാനഡയിലെ പഠനം പൂർത്തിയാക്കലും പരീക്ഷയും പോലുള്ള പൂർണ്ണ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ ജോലി ചെയ്യുവാനായി ടെമ്പററി  രെജിസ്ട്രേഷൻ ലഭിക്കും. ടെമ്പററി രെജിസ്ട്രേഷൻ ലഭ്യമായ നഴ്‌സുമാർക്ക് ഒരു രെജിസ്റ്റേഡ് നഴ്‌സ്, നഴ്‌സ് പ്രാക്ടീഷണർ എന്നിവരുടെ നിരീക്ഷണത്തിൽ ജോലി ചെയ്യുവാൻ സാധിക്കും.

സ്റ്റാഫ് ക്ഷാമം മൂലം പ്രവിശ്യയിലുടനീളം പല എമർജൻസി ഡിപ്പാർട്ട്‌മെന്റുകളും പ്രവർത്തന സമയം ചുരുക്കുക, താൽക്കാലികമായി അടയ്ക്കുകയും ചെയ്തതിനെതുടർന്ന് അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കാൻ  കഴിഞ്ഞ മാസം കോളേജ് ഓഫ് നഴ്‌സസ് ഓഫ് ഒന്റാരിയോയോയോട് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ സിൽവിയ ജോൺസ്‌ നിർദ്ദേശിച്ചിരുന്നു. 

ഒന്റാരിയോയിൽ താമസിക്കുന്ന ഏകദേശം 5,300 പ്രാക്ടീസ് ചെയ്യാത്ത നഴ്‌സുമാർക്ക് ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ പ്രാക്ടീസ് ചെയ്തിരിക്കണം എന്ന നിയമത്തിലും  പുതിയ പദ്ധതി പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റ് പ്രവിശ്യകളിൽ ലൈസൻസുള്ള ഫിസിഷ്യൻമാർക്കായി താൽക്കാലിക, മൂന്ന് മാസത്തെ രജിസ്ട്രേഷൻ നൽകുന്നതിനും കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാരിയോയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.