സസ്‌ക്കാച്ചെവന്‍ ആക്രമണം: മൈല്‍സ് സാന്‍ഡേഴ്‌സണ്‍ റെജീനയിലുണ്ടാകില്ലെന്ന് പോലീസ്; പ്രതി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമ  

By: 600002 On: Sep 7, 2022, 2:29 PM

 

സസ്‌ക്കാച്ചെവന്‍ ആക്രമണം നടത്തിയ പ്രതികളിലൊരാളായ മൈല്‍സ് സാന്‍ഡേഴ്‌സണ്‍ റെജീനയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് റെജീന പോലീസ് മേധാവി ഇവാന്‍ േ്രബ പൊതുജനങ്ങളെ അറിയിച്ചു. മുമ്പ് സാന്‍ഡേഴ്‌സണ്‍ റെജീനയില്‍ ഉണ്ടാകാമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. 

സാന്‍ഡേഴ്‌സണ്‍ ഇനി റെജീനയില്‍ ഉണ്ടാകാനിടയില്ലെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ബ്രേ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ച പ്രസ്താവനയില്‍ പറഞ്ഞു. പ്രതിക്കായുള്ള അന്വേഷണം റെജീന നഗരത്തിലൊതുക്കാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. 

മൈല്‍സ് സാന്‍ഡേഴ്‌സനെ കണ്ടെന്ന വാദവുമായി പലരും രംഗത്ത് വരികയും നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുകയും ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ റോണ്ട ബ്ലാക്ക്‌മോര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം,  പതിറ്റാണ്ടോളം നീണ്ട ക്രിമിനല്‍ റെക്കോര്‍ഡുള്ളയാളാണ് മൈല്‍സ് സാന്‍ഡേഴ്‌സന്‍ എന്ന് പരോള്‍ ബോര്‍ഡ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യലഹരിയിലായിരിക്കുമ്പോള്‍ അക്രമാസക്തനാവുന്ന പ്രവണതയും ഇയാള്‍ക്കുണ്ട്. നിരവധി ലഹരി പദാര്‍ത്ഥങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗം മൂലം തന്റെ മാനസിക നില തെറ്റുകയും പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുന്നതായി ബോര്‍ഡിനോട് സാന്‍ഡേഴ്‌സണ്‍ പറഞ്ഞതായി ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ പരോള്‍ ബോര്‍ഡ് ഓഫ് കാനഡയുടെ രേഖകളില്‍ പറയുന്നു. അതിനാല്‍ത്തന്നെ സസ്‌ക്കാച്ചെവനില്‍ ആക്രമണ പരമ്പര നടത്താനുണ്ടായ കാരണമെന്താണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.