ബ്രിട്ടണിലെ നിയുക്ത പ്രധാനമന്ത്രി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന് കാനഡയുമായി വളരെ അടുത്ത ബന്ധമുണ്ട്. ട്രസിന്റെ ബാല്യകാലത്തില്‍ കുറച്ച് ദിവസങ്ങള്‍ ബീസിയിലാണ് ചെലവിട്ടത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രസ് ബര്‍ണാബിസ് പാര്‍ക്ക് ക്രെസ്റ്റ് എലിമെന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഗണിതശാസ്ത്രജ്ഞനായ ട്രസിന്റെ പിതാവ് സിമോണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്ന വേളയിലാണ് ട്രസ് ബീസിയില്‍ ബാല്യകാലം ചെലവഴിച്ചത്. 2018 ലെ കാനഡ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ക്ലാസ് ഫോട്ടോ ട്രസ് പോസ്റ്റ് ചെയ്തിരുന്നു. 30 വര്‍ഷം മുമ്പ് തന്റെ ഒരു വര്‍ഷം കാനഡയിലായിരുന്നുവെന്നും അത് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറാന്‍ സഹായിച്ചുവെന്നും ട്രസ് പറയുന്നു.
ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായിരുന്ന ഋഷി സുനകിനെ പിന്തള്ളിയാണ് മുന്‍ വിദേശകാര്യമന്ത്രിയായ ട്രസിന്റെ വിജയം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാന വോട്ടെടുപ്പിനൊടുവിലാണ് ലിസ് ട്രസ് ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായത്. 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിസ് ട്രസ് വിജയിച്ചത്.