1999-ൽ കാണ്ടഹാറിൽ കണ്ട ഒരു രീതിയുണ്ട്. ഭീകരർ ഇന്ത്യയുടെ വിമാനങ്ങൾ റാഞ്ചി. അയൽരാജ്യത്ത് കൊണ്ടുപോയിറക്കി യാത്രക്കാരു ടെജീവൻ വച്ചു വിലപേശി. ജയിലിലുള്ള കൊടുംഭീകരരെ വിട്ടയക്കണം. ഇന്ത്യൻ ഭരണകൂടം ഉന്നതതല ചർച്ചയിൽ മുഴുകി, മധ്യസ്ഥരെ അയച്ചു. ബന്ധികളുടെ ബന്ധുക്കൾ ചെലുത്തിയ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി. റാഞ്ചികളുടെ തങ്കപ്പെട്ട സഖാക്കളായ ഭീകരന്മാരെ വിട്ടയച്ചു, പോക്കറ്റ് മണിയായി പത്തോ പതിനഞ്ചോ കോടിയും കൊടുത്തു. റാഞ്ചികൾക്ക് യൂറോപ്പിൽ പോയി രക്ഷപ്പെടാനുള്ള വിമാനവും ഏർപ്പാടാക്കി. തുറന്നുവിട്ട ഭീകരർ പുതിയ പദ്ധതി ഒരുക്കി. അവരുടെ അണികൾ വീണ്ടും വിമാനങ്ങൾ റാഞ്ചി, വിമാനത്തോടെ പൊട്ടിത്തെറിച്ചു ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത് മൂവായിരം പേരെ കൊന്ന് ലോകത്തെ നടുക്കി. കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് ഒരു സിനിമ കാണുന്നത്- ബെൽബോട്ടം (2021).
നടന്ന സംഭവങ്ങളെ ആസ്പദമാക്കിയതെന്ന് സംവിധായകൻ അവകാശപ്പെടുന്നു. ചരിത്ര സിനിമയിൽ വസ്തുതകളെല്ലാം കൃത്യമായിരിക്കുമെന്ന് പ്രതീക്ഷിക്കണ്ട. ആത്മകഥയിൽ പോലും ഭാവന കലർന്നിട്ടുണ്ടാകും. പക്ഷേ 1984-ൽ ഇന്ത്യയുടെ ചാരസംഘടന റോ (RAW- Research & Analysis Wing) കമാൻഡോ ഓപ്പറേഷനിലൂടെ റാഞ്ചികളെ കീഴ്പ്പെടുത്തിയിട്ടുണ്ട് എന്നു കേട്ടാൽ അവിശ്വസിക്കണോ? പക്ഷേ എന്റെ നാൽപ്പത് വർഷത്തെ പത്ര വായന പാരമ്പര്യത്തിൽ ഇങ്ങനെയൊരു സംഭവം കേട്ടിട്ടില്ല. വിട്ടുപോകാൻ വഴിയില്ല-എവിടെയാണ് പാളിയത്? ~
1984.
ഇന്ദിരഗാന്ധിയുടെ ആയുസ്സിലെ അവസാന വർഷം. പാക് ചാര സം
ഘടന ISI-യുടെ സഹായത്തോടെ, പഞ്ചാബിലെ ഖലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം( IA691) തട്ടിയെടുക്കുന്നു. അമൃത്സറിൽ ഇറങ്ങിയ വിമാനം വീണ്ടും പറന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്ക്.
ഇന്ത്യയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ റാഞ്ചപ്പെടുന്ന ഏഴാമത്തെ വിമാനം. പ്രധാനമന്ത്രി ഇന്ദിര ഇത്തവണ വിജയം ആഗ്രഹിക്കുന്നു. ഒത്തുതീർപ്പ്ച ർച്ചയിൽ റാഞ്ചികളുടെ ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് കിച്ചൻ ക്യാബിനറ്റ് നൽകുന്ന ഉപദേശം. പക്ഷേ ഉന്നതതല സമിതിയിലെ സുരക്ഷാ ഉപദേശകന്റെ നിർദ്ദേശത്താൽ ഇന്ദിര ഒരുസാഹസത്തിനു മുതിരുന്നു.
റോ അണ്ടർ കവർ ഏജന്റ് അൻഷുൽ മൽഹോത്രയെ (അക്ഷയ്കുമാർ) വിളിച്ചുവരുത്തി. അഞ്ചുവർഷമായി ചാരനായി പ്രവർത്തിക്കുന്ന അയാൾക്ക് ഭീകരവാദികളോട് വ്യക്തിപരമായ കണക്കും തീർക്കാനുണ്ട്. സഹപ്രവർത്തകരുടെ എതിർപ്പിനെ വകവയ്ക്കാതെ ഇന്ദിര അൻഷുലിന്റെ റോ ഓപ്പറേഷന് അനുമതി നൽകുന്നു. വിമാനം ഇതിനകം ലാഹോറിൽ നിന്നും ദുബായിലേക്ക് പറന്നിരുന്നു. അൻഷുലും സംഘവും നയതന്ത്ര വിദഗ്ധരായി വേഷം മാറി ദുബായ് എയർപോർട്ടിലെത്തി. ദുബായ് ഭരണകൂടത്തിന്റെ മാനവികതയും ഹിംസയോടുള്ള വിമുഖതയും അവർ കണ്ടറിയുന്നു. യാത്രക്കാരെ മോചിപ്പിക്കാനുള്ള ഒന്നാമത്തേയും രണ്ടാമത്തേയും പദ്ധതികൾ പരാജയപ്പെട്ടു. അവസാനം എയർപോർട്ട് ജീവനക്കാരുടെ വേഷം ധരിച്ച്, ആഞ്ഞടിക്കുന്ന മണൽക്കാറ്റിന്റെ മറവിൽ റോ സംഘം ഇറങ്ങുന്നു.
ഒരു തുള്ളി ചോരപോലും വീഴാതെ റാഞ്ചികളെ വീഴ്ത്തി ബന്ധികളെ മോചിപ്പിക്കുന്നു. എല്ലാവരേയും കൂട്ടി ഇന്ത്യയിലേക്ക് പറക്കാൻ അനുമതി തേടുന്ന രണ്ടു വിമാനങ്ങൾ. എയർ ട്രാഫിക്കൺ ട്രോൾ ടവറിലുള്ള ദുബായ് ഏവിയേഷൻ മിനിസ്റ്റർ അനുമതി നിഷേധിക്കുന്നു. തങ്ങളെ നിഷേധിച്ച് ഓപ്പറേഷൻ നടത്തിയതിന് ഇന്ത്യ മറുപടി പറയണം! അൻഷുൽ സൗമ്യനായി പറയുന്നു: "നിങ്ങളെപോലെയാണ് ഞങ്ങളും. ഇന്ത്യ കൊല്ലും കൊലയും പ്രോൽസാഹിപ്പിക്കുന്നില്ല. പക്ഷേ ആക്രമിച്ചാൽ പ്രതിരോധിക്കും. ക്ഷമയും സൗമ്യതയും ദൗർബല്യമായി കാണരുത്. "
മിനിസ്റ്ററുടെ അനുമതിയോടെ വിമാനങ്ങൾ പറന്നുയർന്ന് ഡൽഹിയിൽ ഇറങ്ങി. ഇന്ദിരഗാന്ധി രാഷ്ട്രീയ വിജയംനേടി. സിനിമ തീരുന്നു, ഞാൻ ഒറ്റക്കിരുന്ന് കയ്യടിക്കുന്നു. പക്ഷേ ഇതാണോ സത്യം? ~ യഥാർത്ഥത്തിൽ സംഭവിച്ചത്:
ജൂലൈ 5, 1984.
ഡെൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കാശ്മീരിലെ ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് (A300) സിക്ക് തീവ്രവാദികൾ റാഞ്ചുന്നു. വിമാനത്തിൽ 74 യാത്രക്കാർ. നേരെ അമേരിക്കയിലേക്ക് വിടാൻ ഏതാനും കൈത്തോക്കുകൾ മാത്രം കൈവശമുള്ള റാഞ്ചികൾ കൽപ്പിക്കുന്നു. ഈ പ്രാദേശിക വിമാനത്തിന് അതിനുള്ള ക്ഷമതയുണ്ടോ, ഇന്ധനമുണ്ടോ- അതൊന്നും അവർക്ക് പ്രശ്നമല്ല. വിമാനം ലാഹോർ, കറാച്ചി വഴി ദുബൈയിൽ ഇറങ്ങി. 36 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനുശേഷം, എമിറേറ്റ്സിന്റെ പ്രതിരോധ മന്ത്രി മുഹമ്മദ്ബിൻ റഷീദിന്റെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ റാഞ്ചികൾ ഉപാധികൾ ഇല്ലാതെ കീഴടങ്ങി. യാത്രക്കാർ സുരക്ഷിതർ. റോയുടെ കമാൻഡോകളെ ആ വഴി കണ്ടില്ല.
ഈ സംഭവത്തിന് ഒരു മാസം മുമ്പ് ഖലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ എയർലൈൻസിന്റെ മറ്റൊരു വിമാനം റാഞ്ചിയിരുന്നു. അതെ, മാസാമാസം റാഞ്ചൽ! അന്ന് ഇന്ത്യയിലെ വ്യോമസുരക്ഷ അത്ര കേമമായിരുന്നു. ജൂലൈ അഞ്ചിന് ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്കു പറന്ന, 254 യാത്രക്കാരുള്ള വിമാനം (IA 405) ഒമ്പത് ഭീകരർ ചേർന്ന് തട്ടിയെടുത്ത് ലാഹോറിൽ ഇറക്കുന്നു. അവരുടെ കൈയിൽ തോക്കും കൃപാണും ബോംബ് എന്ന് അവകാശപ്പെടുന്ന ഒരു തുണിപ്പന്തും. ആവശ്യം- ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഇന്ത്യ തടവിലാക്കിയ എല്ലാ ഭീകരരേയും തുറന്നു വിടണം. സൈനിക നടപടിയിൽ സുവർണക്ഷേത്രത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ 25 മില്യൻ അമേരിക്കൻ ഡോളർ നൽകണം. ക്ഷേത്രത്തിൽ നിന്നും അപഹരിക്കപ്പെട്ടുവെന്നു കരുതുന്ന വസ്തുക്കളെല്ലാം തിരിച്ചു കിട്ടണം. പക്ഷേ ഇന്ത്യ ആവശ്യം നിരസിച്ചു, റാഞ്ചികൾ പാക്ക് അധികൃതർക്ക് കീഴടങ്ങി, യാത്രക്കാർ രക്ഷപ്പെട്ടു.
~ ചരിത്ര വസ്തുതകളെ വളച്ചൊടിച്ചു എന്ന കാരണത്താൽ, അക്ഷയ്കുമാറിന്റെ ബെൽബോട്ടം സിനിമ സൗദി, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിരോധിച്ചു.
വിമാനം ദുബൈയിൽ ഇറക്കിയപ്പോൾ റാഞ്ചികളോട് ചർച്ച ചെയ്ത് യാത്രക്കാരുടെ മോചനം സാധ്യമാക്കിയത് യു എ ഇ പ്രതിരോധമന്ത്രി. റാഞ്ചികളെ അറസ്റ്റ് ചെയ്ത് യു എ ഇ അധികൃതർ. സിനിമയിൽ റോ ഏജന്റ് അക്ഷയ്കുമാറിന്റെ ഹീറോയിസം അവർ എങ്ങനെ അംഗീകരിക്കും? രാജ്യാതിർത്തി കാക്കുന്ന സൈനികരോടും നിർണായക രഹസ്യങ്ങൾ ചോർത്തുന്ന ചാരസംഘടനകളോടും എനിക്ക് ബഹുമാനമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ആഭ്യന്തര ശക്തിയാണ് പോലീസ്.
അതുപോലെ പൗരന്മാരുടെ ജീവനും മൂലധനവും രാജ്യത്തിന്റെ വിഭവങ്ങളും സംരക്ഷിക്കുകയാണ് പ്രതിരോധസേനയുടെ കർത്തവ്യം. അവർ ദുർബലരായാൽ ഇവിടെ ആർക്കും കേറി മേയാം, അരാജകത്വമാണ് ഫലം. പക്ഷേ തുടർച്ചയായി സംരക്ഷണം ലഭിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കതിന്റെ വിലയറിയില്ല. തണൽ ഇല്ലാതാവുമ്പോൾ വെയിലിന്റെ ചൂടറിയും. സൈനികരുടെ ജീവന്ഉ റപ്പില്ല. പക്ഷേ അതിജീവിക്കുന്നവരെ ബഹുമതികൾ കാത്തിരിക്കുന്നു. വീരനായകരായി അവർ വാഴ്ത്തപ്പെടും. എന്നാൽ ചാരസംഘടനയിലെ പ്രവർത്തനം ഒരു നന്ദി രഹിത ജോലിയാണ്. സ്വന്തം വ്യക്തിത്വം വെളിപ്പെടില്ല, ശരിയായ ഒരു പേര് പോലുമുണ്ടാകില്ല. ഗൂഢ നാമത്തിൽ അറിയപ്പെടും. രഹസ്യം തുടർച്ചയായി ചോർത്താൻ വർഷങ്ങളോളം കപടവേഷത്തിൽ ജീവിക്കേണ്ടിവരും. അങ്ങേയറ്റം അപകടകരമായ ദിനങ്ങൾ. കൊല്ലപ്പെട്ടാൽ വീട്ടുകാർ അറിയണമെന്നുപോലുമില്ല. പക്ഷേ അവരുടെ ജീവന്റെ വില സ്വരാജ്യത്തെ പൗരന്മാരുടെ ഉയിരിന്റെ വിലയാണ്. എന്നിരുന്നാലും, ഇല്ലാത്ത ഒരു കാര്യത്തെ ചരിത്ര സംഭവുമായി ബന്ധിപ്പിക്കുന്നത് തെറ്റ്.
ദുബൈ സംഭവത്തിൽ റോയുടെ ഇടപെടൽ ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? പൊതുജനം അറിയാത്ത അനേകം രഹസ്യങ്ങൾ ഗവൺമെന്റ് ഏജൻസികൾ മറച്ചു വയ്ക്കാറുണ്ട്, രാഷ്ട്രീയ താൽപര്യവും ഉണ്ടാകും. പക്ഷേ ദുബൈയിലെ റോയുടെ ഓപറേഷന് ശയരഹിതമായ ഒരു തെളിവ് സാധ്യമല്ല. അതില്ലാത്തിടത്തോളം സിനിമ ഒരു ഫിക്ഷൻ മാത്രമായിരിക്കും. 'സത്യകഥയെ അടിസ്ഥാനമാക്കി' എന്ന് കാണിക്കുന്ന വാചകത്തിന് പ്രസക്തി നഷ്ടപ്പെടും. സാങ്കൽപ്പിക കഥ എന്ന നിലയിൽ കണ്ടാൽ ചിത്രം ആവേശകരം, ഞാൻ ആസ്വദിച്ചു.
~ 1970 മുതലുള്ള മൂന്ന് പതിറ്റാണ്ടിൽ ഇന്ത്യയുടെ വ്യോമാതിർത്തിയിൽ 15 വിമാനങ്ങൾ റാഞ്ചിയിട്ടുണ്ട്. അതിൽ 13 എണ്ണം ഇന്ത്യൻ എയർലൈൻസിന്റെ. ഒന്നു വീതം എയർ ഇന്ത്യ, പാൻആം. സിക്ക് വിഘടന വാദികൾ ഉത്തരവാദികളായ സംഭവങ്ങളിൽ പാക് ചാരന്മാർക്ക് കയ്യുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യൻ സേന തീവ്രവാദികളെ കൊലപ്പെടുത്തി യാത്രികരെ രക്ഷിച്ച സംഭവമുണ്ട്.
പാക് എയർപോർട്ടിൽ ഇറക്കിയ വിമാനങ്ങളിലെ യാത്രികരെ മോചിപ്പിക്കാൻ പാക് സേന സഹായിച്ചിട്ടുമുണ്ട്. 1978 ഡിസംബർ 20-ന്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നവകാശപ്പെട്ട രണ്ടുപേർ ഒരു വിമാനം തട്ടിയെടുത്തു. അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഇന്ദിരാഗാന്ധിയെ മോചിപ്പിക്കുക, മകൻ സഞ്ജയ്ഗാന്ധിക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, കേന്ദ്രം ഭരിക്കുന്ന ജനതപാർട്ടി ഗവൺമെന്റ് രാജി വക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. ലക്ഷ്യം നേടിയില്ല, ആർക്കും പരിക്കേറ്റുമില്ല.
1993-ൽ ലക്നൗ-ഡെൽഹി വിമാനത്തിന്റെ ഊഴം. ഒരൊറ്ററാഞ്ചി. ബാബറി മസ്ജിദ് തകർത്തതിന് റസ്റ്റിലായകർ സേവകരെ മോചിപ്പിക്കണം, രാമക്ഷേത്രം നിർമിക്കുമെന്ന് ഉ റപ്പുതരണം. അന്നത്തെ ലക്നൗ എംപി അടൽ ബിഹാരി വാജ്പേയ് ഇടപെട്ട് അയാളെ അനുനയിപ്പിച്ചു.
1986 സെപ്റ്റംബർ 5-ന് മുംബൈയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചി വഴി ന്യൂയോർക്കിലേക്ക് പോയ പാൻ ആം വിമാനത്തെ കറാച്ചി എയർപോർട്ടിൽ ഭീകരർ കീഴടക്കി. യുവതിയായ എയർഹോസ്റ്റസ് നീർജഭാനോട്ടിന്റെ ധീരത യാത്രികരെ തുണച്ചു.388 പേരിൽ ഏറെയും നീർജയുടെ സഹായത്തോടെ എമർജൻസി എക്സിറ്റിലൂടെ രക്ഷപ്പെട്ടു. നീർജ ഉൾപ്പെടെ മൂന്നുപേർ വെടിയേറ്റു മരിച്ചു. പിന്നീട് അവളെ ഇന്ത്യയും പാക്കിസ്ഥാനും അമേരിക്കയും ധീരതക്കുള്ള ബഹുമതി നൽകി ആദരിച്ചു. ~
വിഭജനത്തിനു മുമ്പ് ഒന്നായിരുന്ന ഇന്ത്യൻ-പാക്ക് പ്രദേശങ്ങൾ ചേർത്ത് ഒരൊറ്റ പഞ്ചാബി രാജ്യം വേണമെന്ന് ആവശ്യപ്പെട്ട വിഘടന വാദികളായിരുന്നു ഖലിസ്ഥാനികൾ. നേതാവ് ഭിന്ദ്രൻ വാല. തീവ്രവാദത്തിലേക്ക് തിരിഞ്ഞ അവർ ഇന്ത്യക്ക് തലവേദനയായി. ഭിന്ദ്രൻ വാലയെ ഇന്ത്യൻ സേന വേട്ടയാടി. അയാൾ സിക്ക് മതസ്ഥരുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ഒളിച്ചു. പ്രധാനമന്ത്രി ഇന്ദിരയുടെ നിർദ്ദേശപ്രകാരം പട്ടാളം ഒരു മിന്നലാക്രമണത്തിന് തയ്യാറായി. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. 1984 ജൂണിൽ പത്തുദിവസം നീണ്ട പോരിൽ ഭിന്ദ്രൻവാലയും കൂട്ടാളികളും കൊല്ലപ്പെട്ടു. ഒട്ടനേകം തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി. ക്ഷേത്രത്തിലെ പവിത്ര സ്ഥാനത്തിന്നാശം സംഭവിച്ചു. അത്സിക്കുകാരിൽ മുറിവായി. പ്രതികാരത്തിനായി അവർ ഒരുങ്ങി.
ഒക്ടോബർ 31-ന്രാവിലെ സ്വന്തം കാവൽ ഭടന്മാരുടെ വെടിയേറ്റ് ഇന്ദിര ജീവൻ വെടിഞ്ഞു. കൊലയാളികൾ സിക്ക് വംശജരായിരുന്നു. സിക്കുകാരെ സുരക്ഷയിൽ നിന്നും ഒഴിവാക്കാൻ ഇന്റലിജൻസ് നിർദ്ദേശം നൽകിയിരുന്നു. പക്ഷേ ഒരു സമുദായത്തോട് വിവേചനം പുലർത്തുന്നു എന്ന വിമർശനം ഒഴിവാക്കാൻ ഇന്ദിര നിർദ്ദേശം അവഗണിച്ചു. ആതീരുമാനം അമ്പേ പാളി. പ്രധാനമന്ത്രിയുടെ ദാരുണ അന്ത്യത്തിൽ രോഷം അണപൊട്ടി. തുടർന്നു നടന്ന കലാപത്തിൽ മൂവായിരത്തിൽ അധികം സിക്കുകാർ കൊല്ലപ്പെട്ടു, സ്ത്രീകൾ കൂട്ടമാനഭംഗത്തിന് ഇരയായി.
ഒരുവർഷം കടന്നുപോയി.1985 ജൂൺ 23.
കാനഡയിലെ മോൺട്രിയലിൽ നിന്നും ലണ്ടൻ വഴി ഡെൽഹിക്കുയാത്രയായ എയർ ഇന്ത്യ ജംബോജ റ്റ്മുപ്പതിനായിരം അടിമുകളിൽ, ലണ്ടൻ ഒരുമണിക്കൂർ അകലെ. താഴെ അയർലൻഡിന്റെ പടിഞ്ഞാറൻ തീരം. ഒരുസ്ഥോടനം! വിമാനം പൊട്ടിച്ചിതറി കടലിൽ വീണു. 329 യാത്രികരും കൊല്ലപ്പെട്ടു.
സിക്ക് തീവ്രവാദികളുടെ പുതിയ ഇരകൾ. മോൺട്രിയൽ എയർപോർട്ടിൽ വലിയ സുരക്ഷാ പാളിച്ചയുണ്ടായതായി പിന്നീട് കണ്ടെത്തി. ലഗ്ഗേജിൽ ഒളിപ്പിച്ച ടൈംബോബ് കണ്ടെത്താനായില്ല. 9/11 നുമുമ്പുള്ള ഏറ്റവും ഭീകരമായ വിമാനദുരന്തം. വർഷങ്ങൾക്കു ശേഷം അന്വേഷണ കമ്മീഷൻ കാനഡയുടെ ഇന്റലിജൻസ് പാ ളിച്ചയെ കുറ്റപ്പെടുത്തി. അടുത്തിടെ ഓർമദിനത്തിൽ ഇരകളുടെ പിൻഗാമികളോടൊപ്പം ചേർന്ന പ്രധാനമന്ത്രി ജസ്റ്റിൻ ത്രുദോക നിഷ്കദുരന്തം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായി വിശേഷിപ്പിച്ചു. 1988-95 കാലയളവിൽ പഞ്ചാബിയായ ഡിജിപികെപി എസ്ഗില്ലിന്റെ ഉരുക്കു മുഷ്ടിയിൽ ഇന്ത്യ ഖലിസ്ഥാൻ തീവ്രവാദം അടിച്ച മർത്തിയിരുന്നു. ~ ഞാൻ വസിക്കുന്ന സറി പട്ടണം പഞ്ചാബി ഭൂരിപക്ഷപ്രദേശമാണ്. ഒരു നൂറ്റാണ്ട്മുമ്പ് ബ്രിട്ടീഷുകാരുടെ തൊഴിലാളികളായും അഭയാർത്ഥികളായും കാനഡയിൽ എത്തിയ അവർ ഇപ്പോൾ ഒരുരാഷ്ട്രീയ- സാമൂഹ്യ-സാമ്പത്തി കശക്തിയാണ്.
വർഷം തോറും ഏപ്രിൽ മാസത്തിൽ അവർ വൈശാഖി ദിനം ആഘോഷിക്കും. ഗുരു ഗോവിന്ദ്സിംഗ്ഖൽ സസ്ഥാപിച്ചതിന്റെ ഓർമദിനം. അവരുടെ ദൈവം കാലാതീതനുംനിരാകാരനുമാണ്. തമ്മിൽകാണുമ്പോൾ 'സത്ശ്രീഅകാൽ' പരസ്പര വന്ദനമായി പറയും. അർത്ഥം-
'നിങ്ങളിലെ കാലാതീതമായ സത്യത്തെ ഞാൻ മാനിക്കുന്നു.' ആദിനത്തിൽ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളേയും അനുസ്മരിക്കുന്നു. പൊലീസിന്റെ അനുമതിയോടെ തെരുവ് അടച്ചു കെട്ടി കൂടാരങ്ങൾ നിർമിക്കും. പഞ്ചാബി സംസ്കാരത്ത നിമയുള്ള പരിപാടി. വരുന്നവർക്കെല്ലാം വൈവിധ്യമുള്ള ഭക്ഷണം സൗജന്യം. പൂത്തുലഞ്ഞ ചെറിമരച്ചുവട്ടിൽ കറുത്തവനും വെളുത്തവനും തോളോടുതോൾ ചേർന്നു നിന്നു ഭുജിക്കും. അവിടെ ഒരു കൂടാരത്തിനു പിന്നിൽ വലിയ ഹോർഡിംഗുകളിൽ ഉയർത്തിയ ചില ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഭിന്ദ്രൻവാലയും കൂട്ടരും!
ബഹുമാന സൂചകമായ വാചകങ്ങളുടെ അകമ്പടിയോടെ. പഞ്ചാബികൾ പൊതുവെ അധ്വാനശീലരും സമാധാന പ്രിയരുമാണ്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും അവർ നടത്തുന്നു. എന്നാൽ അവരിൽ ചെറിയൊരു കൂട്ടത്തിൽ വിഘടനവാദമില്ലെന്ന് ഉറപ്പുപറയാനാകില്ല.
ഇന്ത്യയിലെ ചില കുറ്റകൃത്യങ്ങളിലും വിധ്വംസക പ്രവർത്തനങ്ങളിലും കാനഡയിലെ ധനികരായ ഖലിസ്ഥാനികൾക്ക് കയ്യുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. തമിഴ് പുലികളെ ഇപ്പോഴും ആരാധിക്കുന്ന തമിഴ് കുടിയേറ്റക്കാരെ ഞാൻ ടൊറന്റോയിൽ കണ്ടിട്ടുണ്ട്. പുലികളുടെ വംശം ഇല്ലാതായിട്ടില്ല, വിദേശത്ത് അത് തുടരുന്നു. തീവ്രവാദത്തിന്റെ കഥ അതാണ്. വെറുപ്പ് അടിസ്ഥാനമായ ആ ആശയത്തെ പൂർണമായും പറിച്ചെറിയാനാകില്ല. നവനാസികളെപോലെ ഏതു നിമിഷവും പുനർജന്മം നേടാൻ അവർ ഉറങ്ങുകയാവാം.
ഭീകരവാദം എങ്ങനെ ഉണ്ടാകുന്നുവെന്നത് മറ്റൊരുലേഖനത്തിന് വിഷയമാണ്. ഒരാളുടെ തീവ്രവാദി മറ്റൊരാൾക്ക് സ്വാതന്ത്ര്യ സമര സേനാനിയാകും. വാദങ്ങളിലെ പൊരുത്തക്കേട് ഹിംസയെതേടും.
~ഡിബിൻറോസ്ജേക്കബ്