'ബാക്ക് ടു സ്‌കൂള്‍': കുട്ടികളുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് 

By: 600002 On: Sep 6, 2022, 1:38 PM


സ്‌കൂള്‍ തുറക്കുന്ന സമയം മിക്കവരും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പങ്കിടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കുട്ടികളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആല്‍ബെര്‍ട്ട പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 
കുട്ടികളുടെ പേര്, സ്‌കൂളിന്റെ പേര്, വയസ്, ക്ലാസ് എന്നിവ ഫോട്ടോകള്‍ക്കൊപ്പം പങ്കിടുമ്പോള്‍ അവ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചേക്കാമെന്ന് ആര്‍സിഎംപി അറിയിച്ചു. 

കൂടാതെ, അപരിചിതരായ ആളുകളെക്കുറിച്ചും വിശ്വസ്തരായ ആളുകളെ തിരിച്ചറിയുന്നതിനെക്കുറിച്ചും സ്വയം സുരക്ഷ സംബന്ധിച്ചും മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന് സംസാരിക്കണമെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു. 

സോഷ്യല്‍മീഡിയകളില്‍ ബാക്ക്-ടു-സ്‌കൂള്‍ ഫോട്ടോകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ ഫാക്വല്‍റ്റി മെമ്പറായ ലിയ പ്ലങ്കറ്റ് പറയുന്നു. കുട്ടികളുടെ മുഴുവന്‍ പേര് ഉപയോഗിക്കരുത്, കൃത്യമായ പ്രായം അറിയിക്കരുത്, വീട്, സ്‌കൂള്‍ എവിടെയാണെന്നോ, ഗ്രേഡ് ഏതാണെന്നോ എന്നതൊക്കെ സംബന്ധിച്ച് യാതൊരു തിരിച്ചറിയല്‍ രേഖകളും സോഷ്യല്‍മീഡിയയില്‍ ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ ഉള്‍പ്പെടുത്തരുതെന്ന് പ്ലാങ്കറ്റ് മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.