ബീസി സൈക്യാട്രിക് ഹോസ്പിറ്റലില്‍ നിന്നും കാണാതായ രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു  

By: 600002 On: Sep 6, 2022, 8:39 AM


ബീസിയില്‍ മിനിറ്റുകള്‍ വ്യത്യാസത്തില്‍ ഫോറന്‍സിക് സൈക്യാട്രിക് ആശുപത്രിയില്‍ നിന്നും കാണാതായ രണ്ട് പേരെ പോലീസ് തിരയുന്നു. എറിക് സബാഡിന്‍(21), മൈക്കല്‍ ഗാര്‍ഡ്‌നര്‍(39) എന്നിവരെയാണ് കോക്വിറ്റ്‌ലാം ആര്‍സിഎംപി തിരയുന്നത്. 70 കോളനി ഫാം റോഡിലെ ഫോറന്‍സിക് സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് ഞായറാഴ്ച തിരിച്ചെത്താതെ ഇവര്‍ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സബാഡിന്‍ രാത്രി 7.34 നും ഗാര്‍ഡ്‌നര്‍ 7.54 നുമാണ് തിരിച്ചെത്തേണ്ടിയിരുന്നത്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതായി പോലീസ് സൂചന നല്‍കിയിട്ടില്ല. 

സബാഡിന് കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ്. ഇടതുകയ്യില്‍ പാടുണ്ട്. കാണാതായ ദിവസം കറുത്ത ജാക്കറ്റും കറുത്ത ഷര്‍ട്ടും കറുത്ത പാന്റും വെള്ള ഷൂവുമാണ് ധരിച്ചിരുന്നത്. തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളുമാണ് ഗാര്‍ഡ്‌നറിന്. കറുത്ത ജാക്കറ്റ്, കറുത്ത ഷര്‍ട്ട്, കറുത്ത പാന്റ്‌സ്, േ്രഗ കളര്‍ ഷൂ എന്നിവയാണ് ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ബാക്ക്പാക്ക് ധരിച്ചിട്ടുണ്ട്. 

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 604-945-1550 എന്ന നമ്പറില്‍ കോക്വിറ്റ്‌ലാം ആര്‍സിഎംപിയെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.