കാനഡയില്‍ ജനപ്രിയമല്ലാത്ത പ്രവിശ്യകളുടെ പട്ടികയില്‍ ക്യുബെക്ക് ഒന്നാമത്

By: 600002 On: Sep 6, 2022, 8:04 AM


കാനഡയിലെ ആളുകള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമല്ലാത്ത പ്രവിശ്യകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്യുബെക്ക്. ലെഗര്‍ കാനഡ പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ക്യുബെക്കിനെ ഏറ്റവും ഇഷ്ടമില്ലാത്ത പ്രവിശ്യയായി കാനഡക്കാര്‍ തെരഞ്ഞെടുത്തത്.   

ലെഗര്‍ നടത്തിയ പോസ്റ്റ് മീഡിയ വോട്ടെടുപ്പില്‍ രാജ്യത്തെ 21 ശതമാനം ആളുകള്‍ മോശം പ്രവിശ്യയായി ക്യുബെക്കിനെ വിലയിരുത്തി. ജനപ്രീതിയില്ലാത്ത മത്സരത്തില്‍ 10 ശതമാനം നേടിയ ആല്‍ബെര്‍ട്ടയെ പിന്നിലാക്കിയാണ് ക്യുബെക്ക് ഒന്നാമതെത്തിയത്. നുനാവുട്ട്, സസ്‌ക്കാച്ചെവന്‍, ഒന്റാരിയോ എന്നിവയാണ് പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ച മറ്റ് പ്രവിശ്യകള്‍. 24 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് ഉത്തരമൊന്നുമില്ലെന്ന് പ്രതികരിച്ചു. 

ജീവിതച്ചെലവ്, സുരക്ഷിതത്വം, പ്രവിശ്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളിലെ അഭാവമാണ് ജനപ്രിയമല്ലാതാക്കി മാറ്റുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത മിക്കവരും കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 49 ശതമാനം പേരും പ്രവിശ്യയിലെ ജനങ്ങളെയാണ് ഇഷ്ടമില്ലാത്തതെന്ന് വ്യക്തമാക്കി. ക്യുബെക്കിലുള്ളവരുടെ പെരുമാറ്റം മറ്റ് പ്രവിശ്യകളേക്കാള്‍ മോശമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് ക്യുബെക്കില്‍ വളരെ കൂടുതലാണെന്ന് 17 ശതമാനം പേര്‍ പറയുമ്പോള്‍ ക്യുബെക്കിനെക്കുറിച്ചും ആളുകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും വ്യക്തമായി അറിയില്ലെന്ന് 15 ശതമാനം പേര്‍ പറയുന്നു.