ഒന്റാരിയോയിലെ കിച്ചനറില്‍ കോവിഡ്-19 വാക്സിന് വിതരണം ചെയ്ത ഫാര്‍മസിസ്റ്റിനെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ടിം ഹോര്ട്ടണ്സിനു സമീപമുള്ള ഫ്രെഡറിക് മാള്‍ ഫാര്‍മസി ഉടമ റാംസി ഷേക്കറിനു നേരെയാണ് അപരിചതന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഫാര്‍മസി തുറക്കാന്‍ ചെന്നപ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് ഷേക്കര്‍ പറഞ്ഞു.
എല്ലാവര്ക്കും വാക്സിന് നല്‍കുന്നുവെന്ന് അലറിവിളിച്ചാണ് അയാള്‍ എത്തിയതെന്ന് ഷേക്കര്‍ ഭീതിയോടെ പറഞ്ഞു. അസഭ്യ വര്‍ഷം തുടര്‍ന്ന പ്രതി തലയില്‍ ശക്തിയായി അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തലയ്ക്കും വയറിനും കാലിനും അടിയേറ്റ ഷേക്കറിനെ ഉടന്‍ ഫാര്‍മസിയിലെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഓഫ്-ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന് എത്തുന്നത് വരെ ഷേക്കറിനെ ഇയാള്‍ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ആക്രമിക്കാനുണ്ടായ കാരണമെന്താണെന്നും ആക്രമണം ആസൂത്രിതമായിരുന്നുവോ എന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംഭവം ഒറ്റപ്പെട്ടതല്ലെന്നും പാന്‍ഡെമിക്കിന്റെ തുടക്കം മുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒന്റാരിയോ ഫാര്‍മസി അസോസിയേഷന് പ്രതികരിച്ചു.