'ചെറിയ അളവില്‍ പോലും മദ്യം ആരോഗ്യത്തിന് ഹാനികരം': കാനഡയില്‍ മദ്യപാനശീലനത്തിനായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

By: 600002 On: Sep 5, 2022, 3:00 PM

 

കാനഡയില്‍ മദ്യപാനശീലനത്തിനായി പുതുതായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ആഴ്ചയില്‍ പരമാവധി രണ്ട് തവണ മാത്രമേ മദ്യപാനം പാടുള്ളൂവെന്ന് കനേഡിയന്‍ സെന്റര്‍ ഓണ്‍ സബ്‌സ്റ്റന്‍സ് യൂസ് ആന്‍ഡ് അഡിക്ഷന്‍(സിസിഎസ്എ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

രണ്ട് വര്‍ഷത്തെ ഗവേഷണത്തിനും 5,000 ത്തിലധികം സമാനപ്രായക്കാരായ ആളുകളുടെ ഇടയില്‍ നടത്തിയ പഠനങ്ങളുടെ അവലോകനത്തിനും ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെറിയ അളവില്‍ പോലും മദ്യം ശരീരത്തിന് ഹാനികരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2011 ല്‍ അവസാനമായി അപ്‌ഡേറ്റ് ചെയ്ത നിലവിലെ ഹെല്‍ത്ത് കാനഡ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, പുരുഷന്മാര്‍ അവരുടെ മദ്യ ഉപഭോഗം പ്രതിദിനം മൂന്ന് ഡ്രിങ്ക്‌സിലും ആഴ്ചയില്‍ 15 ഡ്രിങ്ക്‌സിലും പരിമിതപ്പെടുത്തണമെന്ന് പറയുന്നു. അതേസമയം, സ്ത്രീകള്‍ പ്രതിദിനം പരമാവധി രണ്ട് ഡ്രിങ്ക്‌സും ആഴ്ചയില്‍ 10 ഡ്രിങ്ക്‌സും മാത്രമേ കഴിക്കാവൂ എന്ന് വിശദമാക്കുന്നു. 

ആഴ്ചയില്‍ മൂന്ന് മുതല്‍ ആറ് ഡ്രിങ്ക്‌സ് വരെ കഴിച്ചാല്‍ സ്തനാര്‍ബുദം അല്ലെങ്കില്‍ വന്‍കുടലില്‍ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സിസിഎസ്എ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആഴ്ചയില്‍ ഏഴില്‍ കൂടുതല്‍ മദ്യം കഴിച്ചാല്‍ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.