വെര്‍ച്വല്‍ സ്‌കൂള്‍ പദ്ധതിയുമായി മോണ്‍ട്രിയല്‍ സ്‌കൂള്‍ ബോര്‍ഡ്  

By: 600002 On: Sep 5, 2022, 1:58 PM

 

ഓണ്‍ലൈനായി പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മോണ്‍ട്രിയല്‍ സ്‌കൂള്‍ ബോര്‍ഡ് ഒരു പുതിയ വെര്‍ച്വല്‍ സ്‌കൂള്‍ ആരംഭിക്കുന്നു. പുതിയ അധ്യയന വര്‍ഷം അടുത്തയാഴ്ച ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ക്യുബെക്കില്‍ ഇതാദ്യമായാണ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി അവതരിപ്പിക്കുന്നത്. 

അടുത്ത ആഴ്ച മുതല്‍ മോണ്‍ട്രിയല്‍ സ്‌കൂള്‍ ബോര്‍ഡ്(EMSB) ക്യുബെക്ക് വെര്‍ച്വല്‍ അക്കാദമിയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട മാനഡണ്ഡങ്ങള്‍ പാലിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അര്‍ഹരായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ആരോഗ്യപരമായ കാരണങ്ങളാല്‍ ക്ലാസില്‍ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഓണ്‍ലൈന്‍ ലേണിംഗില്‍ മുന്‍ഗണന നല്‍കുക. ഇവര്‍ കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലാണെന്നതിന്റെ രേഖ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലില്‍ നിന്ന് ഹാജരാക്കിയിരിക്കണം. സ്‌പോര്‍ട്‌സ്-എറ്റിയൂഡ്‌സ് പ്രോഗ്രാമിലുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ പഠിക്കുന്ന നിര്‍ദ്ദിഷ്ട കോഴ്‌സുകളിലേക്ക് പ്രവേശനം ഇല്ലാത്തവര്‍ക്കും അക്കാദമിയില്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താം. കൂടാതെ, നിര്‍ദ്ദിഷ്ട കോഴ്‌സുകളിലേക്ക് പ്രവേശനം ഇല്ലാത്തതും റെഗുലര്‍ സ്‌കൂളുകളിലേക്ക് ഗതാഗത സംവിധാനം ലഭ്യമല്ലാത്തതുമായ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ലേണിംഗിന് അര്‍ഹരാണ്. 

പാന്‍ഡെമിക് സമയത്ത് വിദൂര പഠനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ എന്ന് ഇഎംഎസ്ബി അധികൃതര്‍ പറയുന്നു. കോവിഡ് ആശങ്കകള്‍ ലഘൂകരിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമില്ലാതെ വിദ്യാഭ്യാസം നടത്താന്‍ ഈ ഓണ്‍ലൈന്‍ സൗകര്യം വഴിയൊരുക്കി. ഇതിലൂടെയാണ് വെര്‍ച്വല്‍ സ്‌കൂള്‍ എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. പഠനം നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇഎംഎസ്ബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.