സസ്‌ക്കാച്ചെവനില്‍ രണ്ട് സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍(31), മൈല്‍സ് സാന്‍ഡേഴ്‌സണ്‍(30) എന്നിവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഒളിവില്‍ പോയതായും ആര്‍സിഎംപി അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് പ്രവിശ്യയില്‍ പോലീസ് നല്‍കിയിട്ടുണ്ട്.
ജെയിംസ് സ്മിത്ത് ക്രീ നേഷന്‍, സമീപ നഗരമായ വെല്‍ഡന്‍ എന്നിവടങ്ങളിലാണ് ആക്രമണമുണ്ടായത്. അടിയന്തര ഫോണ്‍ നമ്പറായ 911 ല്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പത്ത് പേരും മരണപ്പെട്ടിരുന്നു. പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവര്‍ കറുത്ത നിസാന്‍ റോഗ് കാറിലാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോണ്ട് ബ്ലാക്ക്‌മോര്‍ മാധ്യമങ്ങളെ അറിയിച്ചു.
പ്രതികള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് ആല്‍ബെര്‍ട്ട മുതല്‍ മാനിറ്റോബ വരെ നേരത്തെ നല്‍കിയിരുന്നു. അക്രമത്തെ തുടര്‍ന്ന് ജെയിംസ് സ്മിത് ക്രീ നേഷനില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി. പ്രദേശവാസികളോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. കനേഡിയന്‍ ഫുട്‌ബോള്‍ ലീഗിന്റെ സസ്‌കാച്ചെവന്‍ റഫ്റൈഡേഴ്സും വിന്നിപെഗ് ബ്ലൂ ബോംബേഴ്സും തമ്മിലുള്ള വാര്‍ഷിക ലേബര്‍ ഡേ ഗെയിമിനായി ആയിരക്കണക്കിന് ആരാധകര്‍ നഗരത്തിലെത്തുന്നതിനാല്‍ പോലീസ് നഗരത്തിലെ പരിശോധന കര്‍ശനമാക്കി. മത്സരം നടക്കുന്ന മൊസൈക് സ്റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
സംഭവം ഹൃദയഭേദകവും ഞെട്ടിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.