യുഎസില്‍ ആരോഗ്യമേഖലയെ ആശങ്കയിലാക്കിയ ഇ-കോളി അണുബാധ ആറ് സംസ്ഥാനങ്ങളിലായി 97 ഓളം പേര്‍ക്ക് ബാധിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. വെന്‍ഡീസ് റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ബാധിതരില്‍ 67 പേരില്‍ 81 ശതമാനം പേരും റെസ്റ്റോറന്റില്‍ നിന്നും ഒരാഴ്ച മുമ്പ് ഭക്ഷണം കഴിച്ചവരാണെന്ന് സിഡിസി റിപ്പോര്‍ട്ട് ചെയ്തു.
രോഗം ബാധിച്ചവരില്‍ 43 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ വൃക്ക തകരാറിന് കാരണമായേക്കാവുന്ന ഹീമോലിറ്റിക് യുറിമിക് സിന്‍ഡ്രോം 10 പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യഥാര്‍ത്ഥ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എണ്ണത്തേക്കാള്‍ കൂടുതലായിരിക്കാമെന്നും ചിലയാളുകള്‍ക്ക് വൈദ്യ സഹായം കൂടാതെ തന്നെ രോഗം ഭേദമായതായും സിഡിസി വ്യക്തമാക്കി.
ഏതെങ്കിലും പ്രത്യേക ഭക്ഷണമാണ് ഇ-കോളി ബാക്ടീരിയയുടെ ഉല്‍ഭവസ്ഥാനമെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം ബാധിച്ചവരില്‍ പലരും വെന്‍ഡീസിലെ സാന്‍ഡ്വിച്ചുകള്‍ കഴിച്ചിട്ടുണ്ട്. മിഷിഗണ്‍, ഒഹിയോ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളില്‍ നിന്ന് ലെറ്റിയൂസ് ചേര്‍ത്ത സാന്‍ഡ്വിച്ച് കഴിച്ച ആളുകളാണ് രോഗബാധിതരായത്. മുന്‍കരുതലെന്ന നിലയില്‍ സാന്‍ഡ്വിച്ചുകളില്‍ നിന്ന് വെന്‍ഡീസ്, ലെറ്റിയൂസ് ഒഴിവാക്കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
വയറിളക്കം, കഠിനമായ പനി, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി തുടങ്ങിയവയാണ് അണുബാധയുടെ ലക്ഷണങ്ങള്‍. റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ആര്‍ക്കെങ്കിലും ഈ രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടാല്‍ ഉടന്‍ ഹെല്‍ത്ത്് കെയര്‍ പ്രൊവൈഡറെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.