കാന്‍സര്‍ രോഗത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കാന്‍സറിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തിന് പണം സ്വരൂപിക്കുന്നതിനുമായി 79കാരന്‍ കാല്‍ഗറിയില്‍ നിന്നും വാന്‍കുവറിലേക്ക് നടത്തിയ ഒറ്റയ്ക്കുള്ള നടത്തം വിജയകരമായി പൂര്‍ത്തിയാക്കി. ഗാരി അവെര്‍ബാക്കാണ് പ്രായം തോല്‍പ്പിക്കാത്ത മനസ്സുമായി തളരാത്ത കാലുകളുമായി മുന്നോട്ട് നടന്ന് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്.
ഡൗണ്‍ടൗണ്‍ വാന്‍കുവറിലെ ജാക്ക് പൂള്‍ പ്ലാസയില്‍ വ്യാഴാഴ്ചയാണ് ഗാരി അവെര്‍ബാക്ക് നടത്തം അവസാനിപ്പിച്ചത്. തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഒന്നായിരുന്നു ഇത്. ഈ ദൗത്യം കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ചെയ്തുവെന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവെര്‍ബാക്ക് പറഞ്ഞു. ജാക്ക് പൂള്‍ പ്ലാസയിലെത്തിയ അവെര്‍ബാക്കിനെ ആരവങ്ങളോടെ കരഘോഷങ്ങളോടെയാണ് ജനങ്ങള്‍ എതിരേറ്റത്.
കാന്‍സര്‍ ബാധിച്ച് മരിച്ച തന്റെ കസിനും, ബിസിനസ് പങ്കാളിയും സുഹൃത്തുമായ ബോബ് ഗോള്‍ഡന്റെ അനുസ്മരണാര്‍ത്ഥവും അര്‍ബുധ രോഗ ബാധിതരായ മറ്റ് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് വേണ്ടിയുമാണ് അവെര്‍ബാക്ക് നടന്നു തുടങ്ങിയത്. കാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനായി അര മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് നടത്തത്തിലൂടെ അവെര്‍ബാക്ക് ലക്ഷ്യമിട്ടത്. വ്യാഴാഴ്ച നടത്തം അവസാനിച്ചത് വരെ അദ്ദേഹത്തിന് 540,000 ഡോളര്‍ ശേഖരിക്കാനായി.