ആധാര്‍ ‍വഴിയാധരമാക്കില്ല!, വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം; ബോധവല്‍ക്കരണവുമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ 'മാവേലി' നിരത്തില്‍

By: 600003 On: Sep 4, 2022, 5:14 PM

കൊട്ടാരക്കര: പതിവ് തെറ്റാതെ ഇക്കൊല്ലവും ബോധവല്‍ക്കരണവുമായി മാവേലി കൊട്ടാരക്കരയില്‍ എത്തി. കൊട്ടാരക്കര താലൂക്കോഫീസിലെ ഓണഘോഷത്തിന്റെ ഭാഗമായാണ് മഹാബലി നഗരത്തില്‍ ഇറങ്ങിയത്. വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ സന്ദേശവുമായാണ് ഇത്തവണ കൊട്ടാരക്കര ഡെപ്യൂട്ടി തഹസീല്‍ദാര്‍ സതീഷ്.കെ.ഡാനിയല്‍ മാവേലി വേഷത്തില്‍ നിരത്തിലിറങ്ങിയത്. ഇരുപതാം തവണയാണ് സതീഷ് മാവേലി വേഷം കെട്ടുന്നത്. പുലമണ്‍ നിന്ന് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും നിരത്തുകളിലും കട കമ്പോളളങ്ങളിലും എത്തി സ്വീപ് ക്യാമ്പയിന്റെ ഭാഗമായി വോട്ടര്‍ഐഡി കാര്‍ഡ് ആധാറുമായി ബന്ധിക്കുന്നതിനായി ബോധവത്കരണം നടത്തി. തിരികെ മിനി സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും മാവേലി എത്തി. കഴിഞ്ഞ തവണ മാസ്‌ക്കും സാനിറ്റൈസറുകളുമായി എത്തിയ മാവേലിയുടെ വരവ് ഇക്കുറിയും വ്യത്യസ്തതകളോടെ ആയിരുന്നു. സിവില്‍ സ്‌റ്റേഷനിലെ ഓഫീസിലെ ജീവനക്കാര്‍ മനോഹാരമായ അത്ത പൂക്കളം ഒരുക്കിയും ഓണക്കളിയും സദ്യയുമായി ഓണാഘോഷം ഗംഭീരമാക്കി. ട്രാഫിക് സര്‍ക്കിള്‍ രൂപത്തില്‍ വലിയ അത്ത പൂക്കളം ഒരുക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധേയമായി.