രക്തഹാരം കൈമാറി, ലളിതചടങ്ങില്‍ ആര്യയും സച്ചിന്‍ദേവും ഒന്നായി; ആശംസയുമായി മുഖ്യമന്ത്രിയും കുടുംബവും

By: 600003 On: Sep 4, 2022, 5:05 PM

Image Courtesy : Onmanorama

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന്‍ ദേവും വിവാഹിതരായി. എ.കെ.ജി സെന്ററില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് വിവാഹം നടന്നത്. ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ അടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. ഭാര്യ കമല, മകളും മന്ത്രി റിയാസിന്റെ ഭാര്യയുമായ വീണ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സച്ചിന്‍ദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗമാണ്.

നിയമ ബിരുദധാരിയും. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആള്‍ സെയിന്‍റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. മാര്‍ച്ച്‌ ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.