അമേരിക്കയിലെ വാൾമാർട്ടിൽ വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണി; ഉദ്വേഗജനകമായ മണിക്കൂറുകൾക്കൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു 

By: 600007 On: Sep 3, 2022, 9:17 PM

ശനിയാഴ്ച രാവിലെ അമേരിക്കയിലെ മിസിസിപ്പി ട്യൂപെലോ നഗരത്തിലെ വാൾമാർട്ടിൽ വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ചെറിയ സ്വകാര്യ വിമാനത്തിന്റെ പൈലറ്റിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിമാനം കൊള്ളയടിക്കൽ, തീവ്രവാദ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. 
 
പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലർച്ചെ 5 മണിയോടെ ട്യൂപെലോ റീജിയണൽ എയർപോർട്ടിൽ നിന്ന് പാറ്റേഴ്സൺ എന്ന ഒരാൾ ഒരു ഇരട്ട എഞ്ചിൻ വിമാനം മോഷ്ടിക്കുകയും, തുടർന്ന് 911 ൽ വിളിച്ച് നഗരത്തിന്റെ ഡൗൺടൗണിനടുത്തുള്ള വാൾമാർട്ടിൽ ഇടിച്ചിറക്കാൻ പോകുകയാണെന്ന് പറയുകയായിരുന്നു. വിമാനങ്ങൾക്ക് ഇന്ധനം നൽകുന്ന ട്യൂപെലോ ഏവിയേഷനിൽ എന്ന കമ്പനിയിലെ ജീവനക്കാരനാണ് പാറ്റേഴ്സൺ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇയാൾ പൈലറ്റ് ലൈസൻസ് ഉള്ളയാളല്ല എന്നാണ് പോലീസ് പറയുന്നത്. 

പാറ്റേഴ്സണുമായി ബന്ധപ്പെട്ട പോലീസ്, ചർച്ചകൾക്കൊടുവിൽ ഭീഷണി ഒഴിവാക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും മറ്റൊരു സ്വകാര്യ പൈലറ്റിന്റെ സഹായത്തോടെ ഇയാളെ ലാൻഡ് ചെയ്യാൻ സഹായിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം ലാൻഡ് ചെയ്യാതെ ഇയാൾ വിമാനം വീണ്ടും വടക്കുപടിഞ്ഞാറ്, മെംഫിസിന്റെ ദിശയിലേക്ക് പറത്തുകയായിരുന്നു. മണിക്കൂറുകളോളം വട്ടമിട്ട് പറന്നതിന് ശേഷം വിമാനത്തിൽ ഇന്ധനം കുറഞ്ഞതോടെ പാറ്റേഴ്സൺ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ക്ഷമാപണ സന്ദേശം പോസ്റ്റ് ചെയ്യുകയും അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ,ഇയാൾ വിമാനം ഒരു വിളനിലത്ത് ഇറക്കുകയും തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാൾമാർട്ടും സമീപത്തെ ഗ്യാസ് സ്റ്റേഷനും ഒഴിപ്പിക്കുകയും ആളുകളെ പ്രദേശത്ത് നിന്ന് മാറ്റുകയും ചെയ്തു. എന്തിനാണ് പാറ്റേഴ്സൺ ആക്രമണ ഭീഷണി നടത്തിയതെന്നതിന്റെ കാരണം വ്യക്തമല്ല.