കൊച്ചി : ഓണസിനിമകളിലെ ആദ്യറിലീസിന് മികച്ച പ്രതികരണമെന്ന് തിയറ്റര്‍ ഉടമകള്‍. വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ തിയറ്ററുകളിലുണ്ടായ ഉണര്‍വ് ഓണക്കാലത്തെത്തുന്ന താരചിത്രങ്ങളിലൂടെ നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് തിയറ്ററുടമ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു.
ഓണനാളിലെ ആദ്യവെള്ളിയാഴ്ച റിലീസായ പ്രധാന സിനിമ ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ ആണ്. മുന്നൂറോളം സ്ക്രീനുകളിലായിരുന്നു റിലീസ്. ‘അവഞ്ചേഴ്സ്’ എന്ന ചെറുസിനിമയും എത്തി. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ പങ്കാളിയായ ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ‘പാല്‍തു ജാന്‍വര്‍’ പുതുതലമുറ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണെന്ന് വിജയകുമാര്‍ പറഞ്ഞു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍. സംഗീത് പി രാജനാണ് സംവിധായകന്‍.