ഡ്രൈവ്‌വേ റിപ്പയര്‍ തട്ടിപ്പ്: ടൊറന്റോ സ്വദേശിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു 

By: 600002 On: Sep 3, 2022, 1:49 PM

 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുടനീളം ഡ്രൈവ്‌വേ റിപ്പയര്‍ സ്‌കീം വഴി നിരവധി പേരില്‍ നിന്ന് ആയിരക്കണക്കിന് ഡോളര്‍ തട്ടിയയാള്‍ക്കെതിരെ പീല്‍ റീജിയണല്‍ പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. ടൊറന്റോ സ്വദേശി ടോം ഡെലാനി (20)നെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ജൂണിനും ഓഗസ്റ്റിനുമിടയില്‍, പീല്‍ മേഖലയിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുടനീളമുള്ള നിരവധി പേരെ ഒരു നിയമാനുസൃത ഡ്രൈവ്വേ റിപ്പയര്‍ കമ്പനിയില്‍ പെട്ടയാളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ടോം ഡെലാനി കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. ഡെലാനിയും കൂട്ടാളികളും ആളുകളോട് തന്റെ സേവനങ്ങള്‍ക്കായി മുന്‍കൂര്‍ പണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. അത്യാവശ്യം ഉണ്ടെന്നും പെട്ടെന്ന് തന്നെ പണം കൈമാറണമെന്നും ഡെലാനി പറയുന്നതിനനുസരിച്ച് ആളുകള്‍ ഉടന്‍ പണം കൈമാറുന്നു. 

പൊതുജനങ്ങളെ വഞ്ചിച്ചുവെന്ന കുറ്റത്തിനാണ് ഡെലാനിയെ ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇനിയും കൂടുതല്‍ ആളുകള്‍ കബളിപ്പിക്കപ്പെട്ടിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 905-453-2121 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സുമായി 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടാന്‍ പോലീസ് ആവശ്യപ്പെട്ടു.