'എ' രക്തഗ്രൂപ്പുള്ള  ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് സാധ്യത കൂടുതലെന്ന് പുതിയ പഠനം 

By: 600002 On: Sep 3, 2022, 12:50 PM


രക്ത ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാരില്‍ സ്‌ട്രോക്കിനുള്ള സാധ്യത നിര്‍ണയിക്കാമെന്ന് പുതിയ പഠനം. 60 വയസ്സിന് താഴെയുള്ളവരില്‍ സ്‌ട്രോക്ക് വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പഠന ഫലം പുറത്തു വന്നിരിക്കുന്നത്. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 

പഠനത്തിനായി ചെറുപ്രായത്തില്‍ സ്‌ട്രോക്ക് ബാധിച്ചവരുടെ രക്തഗ്രൂപ്പും സ്‌ട്രോക്ക് ഉള്ളവരുടെ രക്തഗ്രൂപ്പും ഒരിക്കലും സ്‌ട്രോക്ക് വന്നിട്ടില്ലാത്തവരുടെ രക്തഗ്രൂപ്പും ഗവേഷകര്‍ താരതമ്യം ചെയ്തു. 'എ' രക്തഗ്രൂപ്പുള്ളവര്‍ക്ക് നേരത്തെ സ്‌ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണെന്നും 'ഒ' രക്തഗ്രൂപ്പുള്ളവര്‍ക്ക് അപകടസാധ്യത കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. ന്യൂറേളജി ജേണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

17,000 സ്‌ട്രോക്ക് രോഗികളിലും 600,000 ആരോഗ്യവാനമാരായ ആളുകളിലുമാണ് പഠനം നടത്തിയത്. 48 ഓളം പഠനങ്ങള്‍ ഇത് സംബന്ധിച്ച് നടത്തി. രോഗികളുടെ ജനറ്റിക് പ്രൊഫൈല്‍ പ്രത്യേകിച്ച് അവരുടെ ക്രോമസോമിലെ ജീന്‍ സംബന്ധിച്ച് പഠനം നടത്തി. എ രക്തഗ്രൂപ്പുള്ളവര്‍ക്ക് മറ്റെല്ലാ രക്തഗ്രൂപ്പുകളേക്കാള്‍ നേരത്തെ സ്‌ട്രോക്ക് വരാന്‍ 16 ശതമാനം കൂടുതല്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് 12 ശതമാനം കുറവായിരുന്നു. 

അതേസമയം, സ്‌ട്രോക്ക് അപകടസാധ്യതയും രക്തഗ്രൂപ്പും തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തുന്നതെന്താണെന്ന് ഇതുവരെ പഠനത്തില്‍ വ്യക്തമായിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കാം സ്‌ട്രോക്ക് സാധ്യത നിര്‍ണയിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.