ഒന്റാരിയോയിലെ തിരക്കേറിയ ഹൈവേയില്‍ ഓടുന്ന ടെസ്‌ല കാറിനുള്ളിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയി

By: 600002 On: Sep 3, 2022, 9:21 AM


ഒന്റാരിയോയിലെ തിരക്കേറിയ ഹൈവേയിലൂടെ ഓടുന്ന വാഹനത്തില്‍ ഡ്രൈവര്‍ ഉറങ്ങുന്നതായി വീഡിയോ പ്രചരിക്കുന്നു. സെന്റ്. കാതറീന്‍സിനു സമീപം ക്യൂന്‍ എലിസബത്ത് ഹൈവേയിലൂടെ 100 കി.മീ വേഗതയില്‍ പോകുന്ന ടെസ്ല കാറിലുള്ള ഡ്രൈവറാണ് അപകടരമായ രീതിയില്‍ ഉറങ്ങിപ്പോയത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടു കൂടിയാണ് സംഭവം നടന്നത്. ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുകയായിരുന്ന ലൂയിസ് ലെസ്സറാണ് കാറില്‍ ഡ്രൈവര്‍ ഉറങ്ങുന്നതായി കണ്ടതും വീഡിയോ പകര്‍ത്തിയതും. 

ടെസ്ല കാറിനുള്ളില്‍ ഡ്രൈവറെ കാണാതായതിനെ തുടര്‍ന്നാണ് കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ലെസ്സര്‍ പറഞ്ഞു. കാറിനു സമീപത്തേക്ക് തങ്ങളുടെ കാര്‍ നീക്കിയപ്പോഴാണ് ഡ്രൈവര്‍ സീറ്റ് ചാരി വെച്ച് അതില്‍ കണ്ണടച്ച് കിടക്കുന്ന ഡ്രൈവറെ കണ്ടത്. ആ സമയത്ത് നിരത്തിലുണ്ടായ വാഹനങ്ങളെല്ലാം ഏകദേശം 105 കി.മീ വേഗത്തിലാണ് നീങ്ങിക്കൊണ്ടിരുന്നത്. ആ കാറിന് മുന്നില്‍ ഒരു ട്രക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. വളരെ അപകടം പിടിച്ച സാഹചര്യമായിരുന്നു അപ്പോഴേത്തേതെന്ന് ലെസ്സര്‍ പറയുന്നു. തങ്ങളുടെ കാറിന്റെ ഹോണ്‍ അടിച്ച് ഡ്രൈവറെ ഉണര്‍ത്താമെന്ന കരുതി. എന്നാല്‍ പെട്ടെന്ന് ഹോണടി കേട്ട് ഞെട്ടി എന്തെങ്കിലും അപകടമുണ്ടായാലോ എന്ന് കരുതി അത് ചെയ്തില്ലെന്നും ലെസ്സര്‍ പറഞ്ഞു. ഏകധേശം 15 മിനുട്ട് വരെ ഡ്രൈവര്‍ ഉറങ്ങുകയായിരുന്നുവെന്ന് ലെസ്സര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൂയിസ്റ്റണിലേക്കും ഫോര്‍ട്ട് എറിയിലേക്കും തിരിയുന്ന സ്ഥലം എത്താറായപ്പോഴാണ് അയാള്‍ കണ്ണ് തുറന്ന് വീണ്ടും സ്റ്റിയറിംഗ് പിടിക്കാന്‍ തുടങ്ങിയതെന്ന് ലെസ്സര്‍ പറഞ്ഞു. 

മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ടൊറന്റോ പ്രൊവിന്‍ഷ്യല്‍ പോലീസ് സര്‍ജന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെങ്കിലും തികച്ചും അശ്രദ്ധയാണ് ഇതിലുണ്ടായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ ശരിക്കും ഉറങ്ങുകയാണെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തയാള്‍ എന്തുകൊണ്ട് 911 ല്‍ വിളിച്ച് പോലീസില്‍ വിവരമറിയിച്ചില്ലെന്ന് പോലീസ് സര്‍ജന്റ് ചോദിച്ചു. 

അതേസമയം, വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് വ്യക്തമായി കാണാന്‍ കഴിയാത്തതിനാലാണ് 911 ല്‍ വിളിച്ചറിയിക്കാത്തതെന്ന് ലെസ്സര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒരു പരാതിയും ഫയല്‍ ചെയ്യാത്തതിനാല്‍ നിലവില്‍ ഒന്റാരിയോ പോലീസ് വീഡിയോ സംബന്ധിച്ച് അന്വേഷിക്കുന്നില്ലെന്ന് അറിയിച്ചു.