ഫാമിലി ഡോക്ടറെ കണ്ടെത്തുന്നവര്‍ക്ക് 5,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് വാന്‍കുവര്‍ സ്വദേശി 

By: 600002 On: Sep 3, 2022, 8:40 AMതനിക്ക് ഒരു കുടംബ ഡോക്ടറെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5,000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് വാഗ്ദാനം നല്‍കി വാന്‍കുവര്‍ സ്വദേശി. മെറ്റബോളിക് അവസ്ഥ നേരിടുന്ന ഗാരി ഷസ്റ്റര്‍ എന്നയാളാണ് വ്യത്യസ്തമായ പരസ്യവുമായി രംഗത്ത് വന്നത്. ഒടുവില്‍ പരസ്യം ശ്രദ്ധിച്ച ഒരു ഫാമിലി ഡോക്ടര്‍ ഷസ്റ്ററുടെ ചികിത്സയും ആരോഗ്യ സംരക്ഷണവും ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 

ഷസ്റ്ററിന് ഫിസിഷ്യനില്‍ നിന്ന് സ്ഥിരമായ നിരീക്ഷണം ആവശ്യമാണ്. മാത്രവുമല്ല, വൃക്ക തകരാറിലായതിനാല്‍ ആഴ്ചകളോളം ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നേക്കാം. ന്യൂറോ മസ്‌കുലര്‍ രോഗങ്ങളുടെ ചികിത്സയില്‍ വൈദഗ്ധ്യമുള്ളയാളു പോലും പ്രത്യേക മ്യൂട്ടേഷുള്ള ഇത്തരത്തിലുള്ളവരെ കണ്ടിട്ടില്ലായിരിക്കാം എന്നാണ് ഷസ്റ്റര്‍ പറയുന്നത്. അതിനാല്‍ സ്‌പെഷ്യലിസ്റ്റുകളുടെ ടീമിനെ നയിക്കാന്‍ ഒരു ഡോക്ടറെ ആവശ്യമാണെന്നും ഷസ്റ്റര്‍ വ്യക്തമാക്കുന്നു.  ഡൗണ്‍ ടൗണ്‍ വാന്‍കുവര്‍ ഫാമിലി ഡോക്ടര്‍ തന്റെ പ്രാക്ടീസ് അവസാനിച്ചപ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍ക്കായുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിച്ചിരുന്നു. ഡോക്ടര്‍ക്ക് പകരക്കാരനായി മറ്റൊരു ഡോക്ടര്‍ എത്തണമെന്നത് എല്ലാ രോഗികളുടെയും ആവശ്യമാണെന്നും ഷസ്റ്റര്‍ പറഞ്ഞു. 

വാന്‍കുവര്‍ ഐലന്‍ഡിലെ പ്രായമായൊരാള്‍ ഫാമിലി ഡോക്ടറെ പ്രാദേശിക പത്രത്തില്‍ നല്‍കിയ പരസ്യം വഴി കണ്ടെത്തിയതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഷസ്റ്റര്‍ ശ്രദ്ധിച്ചിരുന്നു. ഇത്തരത്തില്‍ പരസ്യം നല്‍കാമെന്ന് ഷസ്റ്റര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരു പടികൂടി മുമ്പില്‍ കടന്ന് ഫാമിലി ഡോക്ടറെ കണ്ടെത്തി തരുന്നവര്‍ക്ക് 5,000 ഡോളര്‍ പ്രതിഫലം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് പരസ്യം നല്‍കിയത്. ഒടുവില്‍ ആ പരസ്യം തുണച്ചു. ഷസ്റ്ററിന് ഫാമിലി ഡോക്ടറെ ലഭിച്ചു.