ശരത്കാലത്തിനു മുമ്പ് കോവിഡ്-19 ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി 

By: 600002 On: Sep 2, 2022, 3:25 PM

 

ബൂസ്റ്റര്‍ ഡോസ് എടുക്കുന്ന കാര്യത്തില്‍ കാനഡ മറ്റ് രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് ആരോഗ്യ മന്ത്രി ജീന്‍-യെവ്‌സ് ഡുക്ലോസ്. ശരത്കാലത്തിന് മുന്നോടിയായി എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. 

അടുത്ത ആഴ്ചയോടെ രാജ്യത്ത് സ്‌കൂളുകളും ഓഫീസുകളും സജീവമാകുകയാണ്. എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനായി ബൂസ്റ്റര്‍ ഡോസിനായി അപ്പോയിന്റ്‌മെന്റ് നടത്തുന്നതായിരിക്കണം ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെന്ന് പൊതുജനങ്ങളോട് ഡുക്ലോസ് നിര്‍ദ്ദേശിച്ചു. 18 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായി മോഡേണ പുറത്തിറക്കിയ ഒമിക്രോണ്‍-ടാര്‍ഗെറ്റിംഗ് ബൈവലന്റ് കോവിഡ്-19 ബൂസ്റ്റര്‍ ഡോസിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയിട്ടുണ്ട്. 

പ്രാരംഭ ഘട്ടത്തില്‍ മോഡേണ ബൈവാലന്റ് വാക്‌സിന്റെ 780,000 ഡോസുകള്‍ വെള്ളിയാഴ്ച കാനഡയില്‍ എത്തിത്തുടങ്ങുമെന്നും സെപ്റ്റംബര്‍ അവസാനത്തോടെ 10 മില്യണിലധികം വാക്‌സിന്‍ എത്തുമെന്നും ഡുക്ലോസ് പറഞ്ഞു. കാനഡയിലുള്ള 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഈ ശരത്കാലത്തും ശൈത്യകാലത്തും ഒരു ഡോസ് ലഭിക്കാന്‍ ബൈവാലന്റ് വാക്സിന്‍ ഷോട്ടുകളുടെ ആവശ്യമായ വിതരണം ഉണ്ടാകുമെന്ന് ഹെല്‍ത്ത് കാനഡയും അറിയിച്ചിട്ടുണ്ട്.