തോക്കുകള്‍ വാങ്ങാന്‍ തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ച് ഉപയോഗിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കാല്‍ഗറി സ്വദേശിയായ റോസ് മൈക്കല്‍ ഡാറിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മോഷണം, തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കല്‍, തോക്ക് നിരോധന ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി. ഒക്ടോബര്‍ 20ന് ഇയാള്‍ കോടതിയില്‍ ഹാജരാകണം.
മോഷണം പോയ രേഖകള്‍ സംബന്ധിച്ച അന്വേഷണമാണ് ഓഗസ്റ്റ് 25ന് ഇന്‍വെര്‍നെസ് ബൊളിവാര്‍ഡ് എസ്.ഇയിലെ 0-100 ബ്ലോക്കിലുള്ള ഒരു വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്. ഈ തിരച്ചിലിനൊടുവിലാണ് ഡാറിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. തിരച്ചിലില്‍, മോഷ്ടിച്ച ഇലക്ട്രോണിക്സ് വസ്തുക്കള്‍, തിരിച്ചറിയല്‍ രേഖകള്‍, പാസ്പോര്ട്ടുകള്, തോക്കിന്റെ പകര്‍പ്പുകള്‍ തുടങ്ങിയവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മോഷ്ടിച്ച രേഖകള്‍ നിയമാനുസൃതമായ ഓണ്‍ലൈന്‍ തോക്കുകള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്ന് തോക്കുകള്‍ വാങ്ങാന്‍ ഉപയോഗിച്ചതായി പോലീസ് ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ കാല്‍ഗറി പോലീസ് സേനയുടെ നോണ്‍-എമര്‍ജന്‍സി ലൈനിലേക്ക് 403-266-1234 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് അറിയിച്ചു.