ടൊറന്റോയിലെ മര്‍ഖാമില്‍ റെസ്‌റ്റോറന്റിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അക്കോണൈറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യോര്‍ക്ക് റീജിയണ്‍ പബ്ലിക് ഹെല്‍ത്ത്. റെസ്റ്റോറന്റില്‍ ഉപയോഗിക്കുന്ന മസാലയായ മിസ്റ്റര്‍ റൈറ്റ് ബ്രാന്‍ഡായ കെംപ്‌ഫെരിയ ഗലംഗ പൗഡര്‍, പരമ്പരാഗത ഹെര്‍ബല്‍ മരുന്നായി ഉപയോഗിക്കാവുന്ന മിസ്റ്റര്‍ റൈറ്റ് ബ്രാന്‍ഡായ റാഡിക്‌സ് അക്കോണിറ്റി കുസ്‌നെസോഫി എന്നിവക്കെതിരെയാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാരി പേക്‌സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവ ഏഷ്യന്‍ പാചക രീതിയില്‍ സാധാരണ ഉപയോഗിക്കുന്നവയാണ്.
ഈ മസാല ഉല്‍പ്പന്നങ്ങളില്‍ വിഷാംശമായ അക്കോണൈറ്റ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്നതിനാല്‍ ഇവ ഉപയോഗിക്കരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. യോര്‍ക്ക് മേഖലയിലെ എല്ലാ റീട്ടെയ്ല്‍ ഷോപ്പുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡിലൈറ്റ് റെസ്റ്റോറന്റ് & ബാര്‍ബിക്യുവില്‍ നിന്നും വാങ്ങിയ ചിക്കന്‍ വിഭവം കഴിച്ച് 12 പേരാണ് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഇതില്‍ നാല് പേര്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ റെസ്റ്റോറന്റ് ബുധനാഴ്ച വീണ്ടും പരിശോധന നടത്തി തുറക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.