മണിക്കൂറില്‍ 1,000 കി.മീ വേഗത,  വിമാന ടിക്കറ്റിനേക്കാള്‍ ചാര്‍ജ് കുറവ്; വരുന്നു, കാനഡയില്‍ വാക്വം-ട്യൂബ് ട്രെയിന്‍ 

By: 600002 On: Sep 2, 2022, 10:47 AM

മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു സമ്പൂര്‍ണ ഇലക്ട്രിക് ട്രെയിനിന്റെ പ്ലാന്‍( വാക്വം-ട്യൂബ് ട്രെയിന്‍) അവതരിപ്പിച്ചിരിക്കുകയാണ് കനേഡിയന്‍ കമ്പനിയായ ട്രാന്‍സ്‌പോഡ്. ഫ്‌ളക്‌സ് ജെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ചാര്‍ജ് വിമാന ടിക്കറ്റിനേക്കാള്‍ കുറവായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഫ്‌ളക്‌സ് ജെറ്റിനെ കഴിഞ്ഞ മാസം ട്രാന്‍സ് പോഡിന്റെ ഹോം സിറ്റിയായ ടൊറന്റോയിലാണ് പ്രഖ്യാപിച്ചത്. പ്ലെയ്ന്‍-ട്രെയിന്‍ ഹൈബ്രിഡ് എന്നാണ് കമ്പനി ട്രെയിനിനെ വിശേഷിപ്പിക്കുന്നത്. ടെസ്ല മേധാവിയും കോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പ്രശസ്തമാക്കിയ 'ഹൈപ്പര്‍ലൂപ്പ്' ആശയത്തിന് സമാനമായ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫ്‌ളക്‌സ് ജെറ്റ്. വെയ്‌ലന്‍സ് ഫ്‌ളക്‌സ്(Veillance flux)  എന്ന പുതിയ ഊര്‍ജതന്ത്ര മേഖലയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷിത ഗൈഡ്‌വേയിലൂടെ അതിവേഗ പാതയില്‍ സഞ്ചരിക്കുന്ന തരത്തിലാണ് ഫ്‌ളക്‌സ് ജെറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഗൈഡ്‌വേയിലുള്ള വാക്വം ട്യൂബുകള്‍ ട്രെയിനിനെ അതിവേഗം സഞ്ചരിക്കാന്‍ സഹായിക്കും.  

പ്രധാന നഗരങ്ങളിലെയും പ്രധാന സ്ഥലങ്ങളിലെയും സ്റ്റേഷനുകളുള്ള ട്രാന്‍സ്പോഡ് ലൈന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു നെറ്റ്വര്‍ക്ക് സംവിധാനത്തിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ഫ്‌ളക്‌സ് ജെറ്റിന്റെ ആദ്യഘട്ടം ഏകദേശം 300 കിലോമീറ്റര്‍ ദൂരത്തിലുള്ള, മൂന്ന് മണിക്കൂര്‍ ഡ്രൈവ് കണക്കാക്കുന്ന കാല്‍ഗറിയെയും എഡ്മന്റനെയും ബന്ധിപ്പിക്കുന്ന 18 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ്. ഫ്‌ളക്‌സ് ജെറ്റിന് വിമാനത്തേക്കാള്‍ വേഗതയും അതിവേഗ ട്രെയിനിന്റെ മൂന്നിരട്ടി വേഗതയും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. യാത്രാ സമയം 45 മിനിറ്റായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.